ബില്‍ പാസാക്കിയത് വഞ്ചനയിലൂടെയെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത് വഞ്ചനയിലൂടെയാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. തങ്ങളെ ബില്‍ സെലക്ട് കമ്മറ്റിക് വിടുമെന്ന ധാരണയില്‍ നിര്‍ത്തി സ്വന്തം അംഗങ്ങളോടെല്ലാം ഹാജരാകാന്‍ ആവശ്യപ്പെട്ട് ബില്‍ പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദ് സഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും പ്രതിപക്ഷ നിരയിലെ അനൈക്യത്തിനിടെ ബില്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ബില്‍ ബുധനാഴ്ച തന്നെ അവതരിപ്പിച്ച് വോട്ടിനിടുമെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് ഗുലാംനബി പറഞ്ഞു. അതുകൊണ്ടാണ് താന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാതിരുന്നത്.
ഏതെല്ലാം ബില്ലുകളാണ് സെലക്ട് കമ്മറ്റിക്ക് വിടാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി തന്നെ തങ്ങളെ സമീപിച്ചു ചോദിച്ചിരുന്നു. 23 ബില്ലുകളുടെ ലിസ്റ്റ് തങ്ങള്‍ നല്കി. ബില്ലുകളുടെ എണ്ണം ചുരുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് എ വിഭാഗത്തില്‍പ്പെടുത്തി ആറു ബില്ലുകളുടെയും ബി വിഭാഗത്തില്‍പ്പെടുത്തി രണ്ടു ബില്ലുകളുടെയും ലിസ്റ്റ് നല്കി. ലിസ്റ്റില്‍ രണ്ടാമതായി ഉണ്ടായിരുന്നത് മുത്വലാഖ് ബില്ലായിരുന്നു. യു.എ.പി.എ ബില്ലായിരുന്നു മറ്റൊന്ന്. എന്നാല്‍ സര്‍ക്കാര്‍ വഞ്ചനാപരമായി തിങ്കളാഴ്ച രാത്രി മുത്വലാഖ് ബില്‍ ഇന്ന് പരിഗണിക്കുന്നതായി ലിസ്റ്റ് ചെയ്യുകയായിരുന്നു. അതിനാല്‍ ആരും അക്കാര്യം അറിഞ്ഞില്ല. വിവരാവകാശ ബില്ലും സെലക്ട് കമ്മറ്റിക്ക് വിടേണ്ടതായിരുന്നുവെന്നും ഗുലാംനബി പറഞ്ഞു.
ഒരു വശത്ത് പ്രതിപക്ഷത്തോട് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടുമെന്ന് പറയുക. മറുവശത്ത് ബില്‍ പാസാക്കുകയെന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാനും പറഞ്ഞു. മുത്വലാഖ്, യു.എ.പി.എ ബില്ലുകളാണ് സെലക്ട് കമ്മറ്റിക്ക് വിടുന്ന കാര്യത്തില്‍ മുന്‍ഗണനയില്‍ വച്ചിരുന്നത്.
അതിലൊന്ന് ലിസ്റ്റ് ചെയ്തത് രാത്രി 9 മണിക്കാണ്. മറ്റൊന്ന് ബുധനാഴ്ച രാവിലെയാണ്. സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് കരുതി തങ്ങളെ അഭിമാനത്തോടെ എതിര്‍ക്കാന്‍ അനുവദിക്കാത്തത് ശരിയല്ലെന്നും ഡെറക് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവും സമാനമായ ആരോപണം ഉന്നയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചു. പ്രതിപക്ഷം നല്കിയ ലിസ്റ്റിലെ ആറു ബില്ലുകള്‍ സെലക്ട് കമ്മറ്റിക്ക് വിടുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."