ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും പ്രളയ സെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണ് ഇത്. വന്‍വിലക്കയറ്റത്തിന് ഇത് കാരണമാകും. 1,200 കോടി രൂപയുടെ അധികഭാരമാണ് ജനങ്ങളുടെ തലയില്‍ ഇതുവഴി അടിച്ചേല്‍പ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വഴി 1,785 കോടി രൂപയുടെ അധികഭാരം നേരത്തേതന്നെ ജനങ്ങളുടെമേല്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഒരോ രൂപ വീതം അധിക സെസും എക്‌സൈസ് ഡ്യൂട്ടിയും ചുമത്തിയതുവഴി ഉണ്ടായ വിലക്കയറ്റത്തിന് പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഈ അധികഭാരം. ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. പ്രളയ സെസ് വഴി 928 ഉല്‍പന്നങ്ങള്‍ക്ക് വില ഉയരുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ മറവില്‍ എല്ലാ സാധനങ്ങള്‍ക്കും വില കയറാന്‍ പോവുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയില്‍ നിന്ന് പാഠംപഠിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."