മുത്വലാഖ് നിരോധനം മൗലികാവകാശ ലംഘനം: സമസ്ത
പ്രൗഢമായി സമസ്ത തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍
കൊല്ലം: മുത്വലാഖ് നിരോധിക്കുകയും അതു നിര്‍വഹിക്കുന്നയാളെ ക്രിമിനല്‍ കുറ്റവാളിയാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശം നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇത്തരം ഏകാധിപത്യ നിലപാടിനെതിരേ ജാതിമത ഭേദമന്യേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധം ഉയരണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ കൊല്ലത്ത് സംഘടിപ്പിച്ച സമസ്ത തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വിവാഹമോചനം ഇതര സമുദായങ്ങളിലാണ് കൂടുതല്‍ നിലവിലുള്ളത് എന്നിരിക്കെ മുസ്‌ലിംകളെ മാത്രം ലക്ഷ്യം വയ്ക്കുന്നതിലെയും അവരെ ക്രിമിനല്‍ കുറ്റവാളികള്‍ ആക്കുന്നതിലെയും ഗൂഢലക്ഷ്യം വ്യക്തമാണെന്നും കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 27,28, 29 തിയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി, കോട്ടയം, എറണാകുളം ജില്ലകളിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സാരഥികളുടെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. കൊല്ലം അയത്തില്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഭരണം രാജ്യത്തെ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാത്തവരെ കൊലപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇസ്‌ലാമിക വിശ്വാസികള്‍ രാജ്യത്ത് വളരെയധികം വെല്ലുവിളികള്‍ക്കിടയിലാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഇതിനെതിരേ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രാര്‍ഥന നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ. എ. യൂനുസ് കുഞ്ഞ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, മുഹ്‌സിന്‍ കോയ തങ്ങള്‍, ഹദിയത്തുല്ല തങ്ങള്‍, എം.എ ചേളാരി, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, പി. ഹസൈനാര്‍ ഫൈസി, എം. അന്‍സാറുദ്ദീന്‍, എം.എ അബ്ദുറഹ്മാന്‍ ഖാസിമി, സയ്യിദ് അബ്ദുല്ല തങ്ങള്‍, ഷാജഹാന്‍ റഹ്മാനി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹംസ കോയ തങ്ങള്‍ ലക്ഷദ്വീപ്, പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എ.കെ ആലിപ്പറമ്പ്, പി.സി ഉമര്‍ മൗലവി, മുഹമ്മദ് കുട്ടി റഷാദി, അബ്ദുസ്സമദ് മാസ്റ്റര്‍, അബ്ദുല്‍ റഷീദ് ശാസ്താംകോട്ട, മന്‍സൂര്‍ ഹുദവി, മഹ്ബൂബ് മാളിയേക്കല്‍, ബദറുദ്ദീന്‍ അഞ്ചല്‍, സിയാദ് ഓച്ചിറ, നസീര്‍ ഖാന്‍ ആലങ്കോട്, ശിഹാബുദ്ദീന്‍ ഫൈസി, എസ്. അഹമ്മദ് ഉഖൈല്‍, ഡോ. അബ്ദുല്‍ മജീദ് ലബ്ബ, ദമീന്‍ മുട്ടക്കാവ്, ജവാദ് ബാഖവി, ശരീഫ് ദാരിമി കോട്ടയം, സിയാദ് റഷാദി, നിസാം കണ്ടത്തില്‍, എസ്. അഹമ്മദ്, നിസാര്‍ പറമ്പന്‍, ഇസ്മാഈല്‍ ഫൈസി എറണാകുളം, ഷറഫുദ്ദീന്‍ അല്‍ ജാമിഇ, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, പീര്‍ മുഹമ്മദ് മൗലവി, സൈനുല്‍ ആബിദീന്‍ മഹ്‌ളരി, സി.ബി യൂസഫ് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."