അമിത ലോഡുമായി നിരത്തില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍
പെരുവ: അമിത ലോഡുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ നിരത്ത് വാഴുന്നു. നടപടിയെടുക്കാതെ അധികൃതര്‍. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരും, കാല്‍നടയാത്രക്കാരും ജീവന്‍ പണയം വച്ച് വേണം റോഡിലുടെ സഞ്ചരിക്കാന്‍. ടിപ്പറുകളുടെ അമിതവേഗം കാരണം ആധുനിക രീതിയില്‍ നിര്‍മിച്ച റോഡുപോലും തകര്‍ന്നു തുടങ്ങി.
പെരുവയില്‍ നിന്നും വൈക്കത്തേക്കുള്ള റൂട്ടില്‍ റോഡിന്റെ ഇടതുവശമാണ് തകര്‍ന്നിരിക്കുന്നത്. അമിത ഭാരം കയറ്റിപ്പോകുന്ന ടിപ്പര്‍ ലോറികളാണ് ഇതിന് കാരണം. റോഡിന് താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമാണ് ലോറിയില്‍ കയറ്റുന്നത്. പൂഴിമണ്ണുമായി പോകുന്ന ലോറികളാണ് അമിതലോഡ് കയറ്റുന്നത്. മുളക്കുളം പഞ്ചായത്തില്‍ നിന്നാണ് കൂടുതലും ടിപ്പറകളും അനധികൃമായി മണ്ണെടുത്ത് ആലപ്പുഴ, വൈക്കം ഭാഗത്തേക്ക് പോകുന്നത്. ഇതിനിടയില്‍ നിരവധി പൊലിസ് സ്റ്റേഷനും, വൈക്കത്തും, ചേര്‍ത്തലയിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫിസും ഉണ്ടെങ്കിലും ആരെയും പരിശോധനക്ക് വഴിയില്‍ കാണാറില്ലന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലിസുകാര്‍ നൈറ്റ് പട്രോള്‍ കഴിഞ്ഞ് സ്റ്റേഷനിലേക്ക് പോകുന്ന രാവിലെ ആറ് മുതല്‍ എട്ടരെവരെയാണ് പാസില്ലാതെ അമിത ലോഡുമായി ടിപ്പറുകള്‍ പായുന്നത്. ഇത് അധികൃതരുടെ മൗന സമ്മതത്തോടെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനധികൃതമായി അമിത ലോഡുമായി പോകുന്ന ടിപ്പര്‍ ലോറിക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."