ഇന്ത്യക്ക് മുന്‍തൂക്കം
വിന്‍ഡീസ് 196 റണ്‍സിന് പുറത്ത്
മ്യൂണിക്ക്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. വെസ്റ്റിന്‍ഡീസിനെ ഒന്നാമിന്നിങ്‌സില്‍ 196 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം ആദ്യ സെഷനില്‍ ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 151 റണ്‍സെടുത്തിട്ടുണ്ട്. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനടുത്തെത്താന്‍ ഒന്‍പതു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിനി 45 റണ്‍സ് മാത്രം മതി. ലോകേഷ് രാഹുല്‍(88*) ചേതേശ്വര്‍ പുജാര(21*) എന്നിവരാണ് ക്രീസില്‍.
വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ അനായാസം പിന്തുടര്‍ന്ന ഇന്ത്യ ഓപണിങ് വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്തു. ശിഖര്‍ ധവാന്‍(27) രാഹുലിന് മികച്ച പിന്തുണ നല്‍കി.
52 പന്തില്‍ അഞ്ചു ബൗണ്ടറിയുമായി മുന്നേറുകയായിരുന്ന ധവാനെ റോസ്റ്റന്‍ ചേസ് ബ്രാവോയുടെ കൈയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ചേതേശ്വര്‍ പുജാരയോടൊപ്പം ചേര്‍ന്ന് രാഹുല്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. രാഹുല്‍ 171 പന്ത് നേരിട്ട് 11 ബൗണ്ടറിയടിച്ചിട്ടുണ്ട്.
അതേസമയം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഇത്തവണയും വിക്കറ്റ് കളഞ്ഞു കുളിച്ചു. ഏഴു റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസിനെ ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്(62) മര്‍ലോണ്‍ സാമുവല്‍സ്(37) എന്നിവരാണ് കരകയറ്റിയത്. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങിനെതിരേ മികച്ച രീതിയില്‍ തിരിച്ചടിച്ച ബ്ലാക്‌വുഡ് ഏഴു ബൗണ്ടറിയും നാലു സിക്‌സറുമടിച്ചു. സാമുവല്‍സിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറുമുണ്ടായിരുന്നു.
എന്നാല്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് ബ്ലാക്‌വുഡ് പുറത്തായതോടെ വിന്‍ഡീസ് എളുപ്പത്തില്‍ കൂടാരം കയറി. റോസ്റ്റന്‍ ചേസ്(10) ഷെയ്ന്‍ ഡോവ്‌റിച്ച്(5) ജേസന്‍ ഹോള്‍ഡര്‍(13)ദേവേന്ദ്ര ബിഷൂ(12) എന്നിവര്‍ നിരാശപ്പെടുത്തി. 16 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്.
ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു. ഒന്‍പതാമനായി ഇറങ്ങിയ മിഗ്വയ്ന്‍ കമ്മിന്‍സ്(24*) നടത്തിയ മിന്നല്‍ ഷോട്ടുകളാണ് വിന്‍ഡീസ് സ്‌കോര്‍ 190 കടത്തിയത്. കമ്മിന്‍സ് രണ്ടു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു. പത്താമന്‍ ഷാനോണ്‍ ഗബ്രിയേല്‍(15) പിന്തുണ നല്‍കി. താരം രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. വിന്‍ഡീസ് ഇന്നിങ്‌സില്‍ 54 റണ്‍സ് പിറന്നത് സിക്‌സറില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."