ജില്ലാ ഉപഭോക്തൃ തര്‍ക്ക-പരിഹാര ഫോറം സ്വന്തം കെട്ടിടത്തിലേക്ക്
കുന്ദമംഗലം: കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക-പരിഹാര ഫോറത്തിന്റെ കാര്യാലയം കുന്ദമംഗലത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. ദേശീയപാത 212-ല്‍ കുന്ദമംഗലത്ത് നാലു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായ ജില്ലാ ഉപഭോക്തൃ കോടതി കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സിവില്‍സ്റ്റേഷനില്‍ ജില്ലാ ഉപഭോക്തൃ കോടതി അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച അരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തിക്കാതെ കാടുമൂടി നശിക്കുന്നതായി 2014 മാര്‍ച്ച് 21ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് ജില്ലാ ഉപഭോക്തൃ കോടതി കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉപഭോക്തൃ തര്‍ക്ക-പരിഹാര കമ്മിഷന് സെക്രട്ടറി, രജിസ്ട്രാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗവ. സെക്രട്ടറിക്കു വേണ്ടി അഡിഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നു. വീണ്ടും 25 ലക്ഷത്തോളം രൂപ മുടക്കി ഒന്നാം നിലയില്‍ ജീവനക്കാര്‍ക്ക് കുടുംബസമേതം താമസിക്കാനുള്ള ബെഡ്റൂമുകള്‍, സിറ്റൗട്ട്, റിക്കാര്‍ഡ് റൂം, ശൗചാലയം, തൊണ്ടി വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സ്റ്റോര്‍ റൂം എന്നിവയെല്ലാം നിര്‍മിച്ചു.
കോടതി മുറികള്‍ ഉള്‍പ്പെടെ എട്ടു വലിയ റൂമുകളും കുടിവെള്ളത്തിന് കുഴല്‍ കിണറും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരുന്ന പ്രവൃത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ കരാറുകാര്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു. നാളെ ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമ്മന് ജില്ലാ ഉപഭോക്തൃ തര്‍ക്ക-പരിഹാര ഫോറം കാര്യാലയം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."