അന്ന് ഉമ്മ കരഞ്ഞു, ഇന്ന് ചിരിച്ചു; ഹംനയുടെ വിജയത്തില്‍
കോഴിക്കോട്: 'അന്ന് ഉമ്മ കരഞ്ഞതിനുള്ള മറുപടിയാണിത് ' സിവില്‍ സര്‍വിസില്‍ 28-ാം റാങ്കുകാരിയായ കോഴിക്കോട് ചേവായൂര്‍ റഹ്മ വീട്ടില്‍ ബി.എ ഹംനാ മറിയത്തിന്റേതാണ് ഈ വാക്ക്. മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായ ഡോ. ടി.പി അഷ്‌റഫിന്റെയും അസി. പ്രൊഫസറായ ഡോ. ജൗഹറയുടെയും മൂത്തമകളാണ് ഹംന. ഡോക്ടര്‍മാരായ മാതാപിതാക്കള്‍ക്ക് മകളും ആതുര മേഖലയിലേക്ക് വരണമെന്നായിരുന്നു നിര്‍ബന്ധം. എന്നാല്‍ പ്ലസ്ടു പഠനത്തിനുശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നു മാസം മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയെങ്കിലും ഹംന അന്നേ സ്വപ്നം കണ്ടത് സിവില്‍ സര്‍വീസായിരുന്നു.
അതിനായി ഹംന ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മകളെ ഡോക്ടറാക്കണമെന്നാഗ്രഹിച്ച ഉമ്മ അന്ന് ഭക്ഷണമൊന്നും കഴിക്കാതെ കുറെ കരഞ്ഞു. എന്നാല്‍ ആ കരച്ചിലിനുള്ള മറുപടിയാണിതെന്ന് ഹംന പറയുന്നു. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ചേവായൂര്‍ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. അവിടുന്ന് സൗത്ത് ഇന്ത്യന്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനം നേടിയപ്പോഴും ദേശീയ ശാസ്ത്രമേളയില്‍ പങ്കെടുത്തപ്പോഴും സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിലി ടീച്ചറും സുമിത്ര ടീച്ചറും പറയുമായിരുന്നു നീ സിവില്‍ സര്‍വിസ് പരീക്ഷ എഴുതണമെന്ന്. അന്നേ മനസില്‍ കുറിച്ചിട്ട ഒരു മോഹമായിരുന്നു ഇത്. ആദ്യത്തേ പടലപ്പിണക്കങ്ങളെല്ലാം മാറ്റി പിന്നീട് ഉമ്മയും ഉപ്പയും എം.ബി.ബി.എസിന് പഠിക്കുന്ന അനിയന്‍ ജസീമും പ്ലസ്ടു വിദ്യാര്‍ഥിയായ കുഞ്ഞനിയന്‍ അമലും എല്ലാവിധ പിന്തുണയും നല്‍കി. കൂടെയിരുന്ന് പഠിച്ച സ്വാതി എസ്. കുമാറിനും അനു വിവേകിനുമാണ് ഹംന ഈയൊരവസരത്തില്‍ നന്ദി പറയുന്നത്.
ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള രാംജാസ് കോളജിലാണ് ബിരുദവും പി.ജിയും പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയിലും തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപത്തെ ഐലേണ്‍ അക്കാദമിയിലുമാണ് സിവില്‍ സര്‍വിസ് പരിശീലനം നടത്തിയത്. ആദ്യതവണ പ്രിലിമിനറിയില്‍ തന്നെ പരാജയം നുണഞ്ഞപ്പോള്‍ എന്താണ് കാരണമെന്ന് കണ്ടെത്തി ചിട്ടയോടെ പഠിക്കുകയായിരുന്നു. ലിറ്ററേച്ചറിലെ താല്‍പര്യമാണ് വിജയത്തിലേക്ക് നയിച്ചതെന്നും ഹംന പറയുന്നു. സഞ്ചാരം ഇഷ്ടമായതിനാലും ചെറുപ്പം മുതലേ അന്താരാഷ്ട്ര കാര്യങ്ങളില്‍ താല്‍പര്യമുള്ളതിനാലും ഐ.എഫ്.എസുകാരിയാകാനാണ് ആഗ്രഹം. പരീക്ഷയെഴുതി രണ്ടാം തവണ തന്നെ റാങ്ക് കരസ്ഥമാക്കിയ ഹംന നിലവില്‍ ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."