കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്നു
കൊണ്ടോട്ടി: തകര്‍ന്നടിഞ്ഞ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് യാത്രക്കാരുടെയും വാഹനങ്ങളുടേയും നട്ടെല്ലൊടിക്കുന്നു. റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായിട്ടും നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെയായിട്ടില്ല.
കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഇരുവശങ്ങള്‍ വെട്ടിപ്പൊളിച്ചതും റോഡില്‍ ടാറിങ് നടത്താത്തതുമാണ് പ്രധാന കാരണം. റോഡില്‍ മിക്കയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന വാഹനങ്ങളുടെ ആക്‌സിലൊടിയുന്നതും യാത്രക്കാരന് പരുക്കേല്‍ക്കുന്നതും സര്‍വ്വസാധാരണമാണ്. റോഡില്‍ അപക്കടക്കുഴികളാണ് പലയിടങ്ങളിലും. ഇരുചക്രവാഹനങ്ങള്‍ ദിനേന അപകടത്തില്‍ പെടുന്നത് പതിവാണ്. ഇതുവഴി ബസ് സര്‍വിസ് അടക്കം നിര്‍ത്താനുള്ള തീരുമാനത്തിലാണ് ബസ് ഉടമകള്‍.
കോഴിക്കോട് മെഡിക്കല്‍ കോളജ്, കരിപ്പൂര്‍ വിമാനത്താവളം എന്നിവടങ്ങളിലേക്കടക്കം പോകുന്ന വാഹനങ്ങള്‍ എടവണ്ണപ്പാറ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിന്റെ തകര്‍ച്ച കാരണം സമയത്തിന് നിശ്ചിത സ്ഥലത്തെത്താന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ ശോച്യവാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും പ്രതിഷേധങ്ങളും നടന്നതാണ്. തുടര്‍ന്നാണ് ടി.വി ഇബ്രാഹീം എം.എല്‍.എ ഇടപെട്ട് ഫണ്ട് അനുവദിച്ചത്.
റോഡ് വീതിക്കൂട്ടി അഴുക്കുചാല്‍ നിര്‍മിച്ച് റബറൈസിഡ് റോഡാക്കാനാണ് ഫണ്ട് അനുവദിച്ചത്.
കിഫ്ബിയിലുള്‍പ്പെടുത്തിയ പുനരുദ്ധാരണം എങ്ങുമെത്തിയിട്ടില്ല. മഴമാറിയാല്‍ പ്രവൃത്തികള്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."