കാബിനറ്റ് പദവിയോടെ സമ്പത്തിന്റെ നിയമനം: മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല, സിപി.എമ്മിലും മുറുമുറുപ്പ്
തിരുവനന്തപുരം: കാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തില്ല. സര്‍ക്കാരിന്റെ നയപരമായി തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തിരുന്നത്. നേരത്തേ ഇത്തരത്തില്‍ കാബിനറ്റ് പദവി നല്‍കി പ്രധാന വകുപ്പുകളില്‍ നിയമനം നടത്തിയതെല്ലാം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ സമ്പത്തിന്റെ നിയമനകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടാണു തീരുമാനമെടുത്തത്.
മൂന്നുതവണ എം.പിയായ സമ്പത്തിനെ തന്നെ ഇങ്ങനെയൊരു പദവിയില്‍ നിയമിച്ചതില്‍ സി.പി.എമ്മിനുള്ളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം കൂടിയായ സമ്പത്തിനു ലഭിച്ച പുതിയ പദവിയെ സംബന്ധിച്ചു ജില്ലയിലെ പ്രധാന സി.പി.എം നേതാക്കള്‍ പോലും അറിഞ്ഞതു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ്.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നാണു കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
ചീഫ് വിപ്പ് സ്ഥാനം സി.പി.ഐയ്ക്കു നല്‍കിയപ്പോഴും ചെലവു ചുരുക്കലിനെ സംബന്ധിച്ചുഅദ്ദേഹം സി.പി.ഐ നേതാക്കളെ ഓര്‍മിപ്പിച്ചിരുന്നു. പാര്‍ട്ടി തീരുമാനമാണെങ്കിലും ചെലവു ചുരുക്കലിന്റെ ഭാഗമായാണു ചീഫ് വിപ്പായപ്പോള്‍ കെ.രാജന്‍ സ്റ്റാഫുകളുടെ എണ്ണം കുറച്ചതും ഔദ്യോഗിക വസതി പോലും വേണ്ടെന്നു വച്ചതും. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചു സി.പി.ഐയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്റെ നേര്‍ക്കുപോലും സര്‍ക്കാര്‍ ചെലവു ചുരുക്കലിന്റെ വാളോങ്ങി. വി.എസിനൊപ്പം സഹായികളായി യാത്രയില്‍ കൂടെപോകുന്ന ജീവനക്കാരുടെ യാത്രാ ചെലവുപോലും സര്‍ക്കാരിനു നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ഉത്തരവിറക്കി.
കൂടാതെ അദ്ദേഹത്തിന്റെ അറ്റന്‍ഡറുടേയും ഡ്രൈവറുടേയും യൂനിഫോം അലവന്‍സും റദ്ദാക്കിയിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് വി.എസിനോടു പോലും മുഖ്യമന്ത്രിയ്ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. ഈ സാഹചര്യത്തിലാണു ഒരു മന്ത്രിയുടെ എല്ലാ പദവികളോടും കൂടി ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായി കാബിനറ്റ് പദവിയോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും പരാജയപ്പെട്ട സമ്പത്തിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
ചീഫ് വിപ്പ് സ്ഥാനം സ്വീകരിച്ചതിനാല്‍ സമ്പത്തിന്റെ നിയമനത്തില്‍ സി.പി.ഐയ്ക്ക് ഇനി ആദര്‍ശമൊന്നും പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കാനം രാജേന്ദ്രനും സഹയാത്രികരും മറ്റു പല കാര്യങ്ങളിലെന്നതു പോലെ ഇക്കാര്യത്തിലും മൗനം തുടരാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."