കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ കൈവിലങ് പൊലിസുകാരോട് വിശദീകരണം തേടി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയതിന് 16 പൊലിസുകാരോട് എ.ആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് വിശദീകരണം തേടി.
പൊലിസ് തങ്ങളെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കുകയും ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്തതിനെതിരേ കേസിലെ ഒന്നാം പ്രതി വിക്രമന്‍ എറണാകുളം സബ് ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി എ.ആര്‍ ക്യാംപ് കമാന്‍ഡന്റിന് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് നടപടി. പ്രതികള്‍ സി.ബി.ഐ കോടതിക്കും പരാതി നല്‍കിയിട്ടുണ്ട്.
കോടതി പരാതി കൊച്ചി സിറ്റി പൊലിസിന് കൈമാറിയതിനെ തുടര്‍ന്ന് കമ്മിഷണര്‍ ഓഫിസ് എ.ആര്‍ ക്യാംപ് മേധാവിയില്‍ നിന്ന് വിശദീകരണം തേടി. തുടര്‍ന്നാണ് സിറ്റി എ.ആര്‍ ക്യാംപിലെ 15 പൊലിസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്.ഐക്കും ഡെപ്യൂട്ടി കമാന്‍ഡന്റ് വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയത്. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകള്‍ ഉണ്ടാകാതിരിക്കത്തക്കവിധം പ്രതികളെ കോടതിയിലെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് മെമ്മോ. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവരം അപ്പോള്‍ തന്നെ ഉന്നതങ്ങളില്‍ അറിയുകയും അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം വിലങ്ങ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നുവെന്ന് പൊലിസ് വൃത്തങ്ങള്‍ പറയുന്നു.
സാധാരണ നിലയില്‍ കൊലക്കേസ് പ്രതികളെ കൈവിലങ്ങണിയിച്ചാണ് കോടതിയില്‍ ഹാജരാക്കാറുള്ളതെന്നും ഈ സമയത്ത് അവരെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കാറില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും വിലങ്ങ് വച്ചിരിക്കണമെന്നാണു ചട്ടം. ഇത് പാലിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വിശദീകരിക്കുന്നു.
2014 സെപ്റ്റംബര്‍ ഒന്നിന് ആര്‍.എസ്.എസ് നേതാവ് മനോജിനെ വാഹനത്തില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍ എന്നിവരടക്കം 25 സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഗൂഢാലോചനാ കേസില്‍ പ്രതിയായ ജയരാജന്‍ അടക്കം ഒന്‍പതു പ്രതികള്‍ക്കു ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 16 പേരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."