റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരായ അക്രമം
ന്യൂഡല്‍ഹി: മ്യാന്‍മറില്‍ സൈന്യവും തീവ്രബുദ്ധിസ്റ്റുകളും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായി അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ഇന്ത്യയിലെ മുതിര്‍ന്ന അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്ദിരാ ജെയ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.എന്‍ സമിതി അന്വേഷിക്കും.
ശ്രീലങ്കയില്‍ നിന്നുള്ള അഭിഭാഷക രാധിക കുമാര സ്വാമി, ആസ്‌ത്രേലിയന്‍ കണ്‍സള്‍ട്ടന്റ് ക്രിസ്റ്റഫര്‍ ഡൊമിനിക് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമിതിയുടെ അധ്യക്ഷയായി കഴിഞ്ഞദിവസമാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വേദി ഇന്ദിരാ ജെയ്‌സിങ്ങിനെ നിയമിച്ചത്.
ആക്രമണങ്ങളും ഏകപക്ഷീയ കലാപങ്ങളും മൂലം 75,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകളെ കൂട്ടക്കൊലനടത്തിയതായി ഫെബ്രുവരിയില്‍ യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ദിരാ ജെയ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി മ്യാന്‍മര്‍ സന്ദര്‍ശിക്കും.
ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് റോഹിംഗ്യകളാണ് പലായനംചെയ്തത്. മ്യാന്‍മറിലെ റാഖൈന്‍ പ്രദേശത്തു നിന്നുള്ള പ്രത്യേക വംശമാണ് റോഹിംഗ്യകള്‍.
ഇവര്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിയമം 1982ല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതോടെയാണ് ഈ വംശീയ ന്യൂനപക്ഷങ്ങളുടെ ദുരിതം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."