റമദാനോടനുബന്ധിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് പൊതു മാപ്പ്
ദോഹ: പരിശുദ്ധ റമദാനോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് ലഭിച്ച തടവുകാരുടെ രാജ്യം, പേര്, തടവ് കാലാവധി തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം റമദാനില്‍ അമീര്‍ മാപ്പു നല്‍കിയവരില്‍ 23 ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. ഇത്തവണ പൊതുമാപ്പ് നല്‍കപ്പെട്ടവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല. ഇന്ത്യന്‍ എംബസിയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 194 ഇന്ത്യക്കാരാണുള്ളത്.
റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണ അമീര്‍ പൊതുമാപ്പു പ്രഖ്യാപിക്കാറുണ്ട്. സാധാരണ തടവുശിക്ഷയുടെ മൂന്നില്‍ രണ്ടു കാലാവധി പൂര്‍ത്തിയാക്കിയവരെയാണു പൊതുമാപ്പിനു പരിഗണിക്കുക. മാപ്പ് നല്‍കിയവരുടെ പട്ടിക പരസ്യമായി പ്രഖ്യാപിക്കുന്നതിനു പകരം അതതു എംബസികളെ അറിയിക്കുകയാണു ചെയ്യുക.
ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണു സാധാരണ പൊതുമാപ്പില്‍ ഉള്‍പ്പെടാറുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഖത്തറിലെ പ്രവാസികളില്‍ ഭൂരിഭാഗവും. മോഷണം, അലക്ഷ്യമായി വാഹനമോടിച്ചു മരണത്തിനിടയാക്കുക, വഞ്ചന, മദ്യവില്‍പ്പന തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടു ജയിലില്‍ കഴിയുന്നവരാണ് മിക്കവരും. എംബസിയില്‍ നിന്നു നല്‍കുന്ന പട്ടികയില്‍ നിന്നാണ് അമീരി ദിവാന്‍ ഇവരെ തിരഞ്ഞെടുക്കുന്നത്.
2013ലെ റമദാനില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്കാണ് പൊതുമാപ്പ് നല്‍കിയത്. 2014 റമദാനില്‍ പൊതുമാപ്പ് ലഭിച്ച 14 ഇന്ത്യക്കാരില്‍ 7 മലയാളികളും ഉള്‍പ്പെട്ടിരുന്നു. 41 ശ്രീലങ്കന്‍ തടവുകാര്‍ക്കും അന്നു പൊതുമാപ്പു ലഭിച്ചിരുന്നു. എന്നാല്‍, 2015ലെ റമദാനില്‍ ഏഴ് ഇന്ത്യക്കാര്‍ക്കു മാത്രമാണു മോചനം ലിച്ചത്. 2015 ദേശീയദിനത്തില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അന്‍പതിലധികം പേര്‍ക്കു പൊതുമാപ്പു പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മോചിപ്പിക്കപ്പെട്ടവരുടെ വിശദമായ പട്ടിക വരും ദിവസങ്ങളില്‍ അതത് എംബസികള്‍ക്കു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."