റെയില്‍ പാളങ്ങള്‍ കാട്ടാനകള്‍ക്ക് കുരുതിക്കളം റെയില്‍വേ പദ്ധതികള്‍ കടലാസില്‍ മാത്രം
വാളയാര്‍: ആനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റെയില്‍വേ ട്രാക്കിലേക്ക് കടന്ന് അപകടങ്ങളില്‍പ്പെട്ട് ചാവാതിരിക്കാനും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്കുമായി വനം വകുപ്പുമായി ചേര്‍ന്ന് റെയില്‍വേ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടപ്പാവുന്നില്ല. മൃഗങ്ങള്‍ ട്രാക്കിലേക്ക് കടക്കാതിരിക്കാന്‍ ഇരു വശങ്ങളിലും ഇരുമ്പുവേലി സ്ഥാപിക്കുക, ആനകള്‍ക്കായി അടിപ്പാത നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 30 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പണമില്ലായ്മ പദ്ധതിനടത്തിപ്പിനെ പിന്നോട്ടടിക്കുന്നു.
കഴിഞ്ഞ ദിവസം എട്ടിമട റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് ആന ചെരിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ നിരവധി മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വേ അവകാശപ്പെടുന്നു. കഞ്ചിക്കോട്‌വാളയാര്‍എട്ടിമട സെക്ഷനില്‍ രാത്രിയില്‍ 45 കിലോമീറ്ററിനുമേല്‍ വേഗം പാടില്ലന്ന് നിര്‍ദേശമുണ്ട്.
സാധാരണ വേഗത ഇവിടെ മണിക്കൂറില്‍ 65 കിലോമീറ്ററാണ്. ഇക്കാര്യത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതും പാലിച്ചുവരുന്നതുമാണ്. പ്രദേശത്തു സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സ്ഥലമെത്തുമ്പോള്‍ അപകട സൂചന നല്‍കി ട്രെയിന്‍ ഹോണ്‍ മുഴക്കാറുമുണ്ട്. പ്രദേശത്ത് ലോക്കോ പൈലറ്റിന് കാഴ്ച മറയുന്നതുമൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുവശങ്ങളിലെയും കാഴ്ച മറയ്ക്കുന്ന ചെടികള്‍ കൃത്യമായ ഇടവേളകളില്‍ വെട്ടിമാറ്റാറുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
ഭൂനിരപ്പില്‍നിന്ന് താഴ്ത്തി റെയില്‍പ്പാളം നിര്‍മിച്ചിരിക്കുന്നിടത്ത് ആനപെട്ടാല്‍ മാറിനില്‍ക്കാന്‍ സ്ഥലമില്ലായിരുന്നു. ഇതിന് പരിഹാരമായി പലയിടത്തും വീതികൂട്ടിയിട്ടുണ്ടെന്ന് റെയില്‍വേ അവകാശപ്പെടുന്നു. രാത്രിയില്‍ ആനകളും മറ്റ് വന്യമൃഗങ്ങളും റെയില്‍വേ ട്രാക്കില്‍ പ്പെടുന്നത് ഒഴിവാക്കാന്‍ പാതയുടെ ഇരു വശങ്ങളിലും സോളാര്‍ വിളക്കുകള്‍ അടുത്തിടെ സ്ഥാപിച്ചു.
ബിലൈനില്‍ 16, 18 വളവുകളിലായി 20 എല്‍ഇഡി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൃഗങ്ങള്‍ വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ട്. യാത്രക്കാരോട് വനംപ്രദേശത്ത് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കാറുണ്ട്. കൂടാതെ വനംവകുപ്പുമായി ചേര്‍ന്ന് മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."