ഭൂമിയുടെ പടങ്ങള്‍
സംസ്ഥാനങ്ങള്‍, ജില്ലകള്‍, പ്രധാനപട്ടണങ്ങള്‍, നദികള്‍, റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍ തുടങ്ങി ഓരോന്നും എവിടെയെല്ലാം സ്ഥിതിചെയ്യുന്നു; എത്രയാണ് വ്യാപ്തിയും വിസ്തീര്‍ണവും എന്നിങ്ങനെ നമുക്കറിയേണ്ടതും അറിയേണ്ടാത്തതുമായ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പ്രയാസം നേരിടും. എന്നാല്‍, അതൊരു ചിത്രമായോ ഡയഗ്രമായോ രേഖപ്പെടുത്തിയാല്‍ ഏറെ സൗകര്യമായിരിക്കും. ഈ സംവിധാനത്തെ ഭൂപടം എന്നുവിളിക്കാം.
ഉരുണ്ട ഭൂമി എങ്ങനെ
ഭൂപടത്തിലായി?
ഭൂമി ഉരുണ്ടതാണ്. ചുറ്റും പരന്നതായാണ് കാണുന്നത്. പിന്നെങ്ങനെയാണ് ഭൂമി ഉരുണ്ടതാണെന്ന് കണ്ടത്തിയത്? ഏതു വിഷയമായാലും വളരെ ആഴത്തില്‍ പഠിച്ച്, നിഗമനങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ട്, നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷമേ സത്യം കണ്ടെത്താനാവൂ. പണ്ട് നമുക്കുണ്ടായിരുന്ന ബുദ്ധിജീവികള്‍ അങ്ങേയറ്റം ക്ഷമാശീലരായിരുന്നു. ശാസ്ത്രീയമായ പല കണ്ടെത്തലുകളുംഅങ്ങനെയാണ് നമുക്ക് കിട്ടിയത്.
ഇങ്ങനെ കണ്ടെത്തിയവയില്‍ അവിശ്വസനീയമായ ഒന്നായിരുന്നു ഭൂമി ഉരുണ്ടതാണെന്ന തത്വം. ആദ്യമൊന്നും ആര്‍ക്കുമങ്ങനെ വിശ്വാസം വന്നില്ല. ചുറ്റും പരന്നുകിടക്കുന്ന ഭൂമിയെങ്ങനെ ഉരുണ്ടതാകും? പിന്നെ ബന്ധപ്പെട്ടവര്‍ തങ്ങളുടെ നിഗമനം ശരിയാണെന്നു ബോധ്യപ്പെടുത്താന്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ ക്രമേണ ഏവരും വിശ്വസിച്ചുതുടങ്ങിയത്രെ.
പന്തും ഓറഞ്ചും!
നമ്മള്‍ ഭൂമിയുടെ പടം വരയ്ക്കുന്നത് പരന്ന കടലാസിലാണല്ലോ. ഭൂമി ഉരുണ്ടതാകുമ്പോള്‍ ഭൂഖണ്ഡങ്ങളും സമുദ്രങ്ങളുമെല്ലാം ഉരുണ്ടുതന്നെയാണിരിക്കുക. അവ എങ്ങനെ പരന്ന കടലാസില്‍ വരക്കും?
ചെറിയൊരു റബര്‍ പന്ത് നാലുകഷണങ്ങളാക്കി മുറിക്കുക. ഈ കഷണങ്ങള്‍ ഒരു ബോളില്‍ കൃത്യമായി പരത്തിവെക്കാന്‍ ശ്രമിച്ചുനോക്കൂ. എത്രശമിച്ചാലും കഴിയുന്നില്ല; കഴിയുകയുമില്ല. ഇങ്ങനെ ഒരു ഓറഞ്ചിന്റെ തോട് കഴിയുന്നത്ര കേടുവരാതെ പൊളിച്ചെടുത്ത് മേശപ്പുറത്ത് കൃത്യമായി പരത്തിവയ്ക്കാനും കഴിയില്ല.
ഇങ്ങനെ ഭൂമിയുടെ ഉരുണ്ട ഉപരിതലം പരന്ന കടലാസില്‍ ശരിയായി പരത്താനും പ്രയാസം. ഭൂമിയെക്കുറിച്ചറിയാന്‍ നമുക്ക് വിവരങ്ങള്‍ വേണംതാനും! ഈ ഊരാക്കുടുക്കിന് ശാസ്ത്രജ്ഞന്മാര്‍ ഒരു വഴി കണ്ടെത്തി-ഉരുണ്ട ഭൂമിയുടെ ആകൃതി അതേ രൂപത്തില്‍തന്നെ വരക്കുക-ഈ പരീക്ഷണവസ്തുവാണ് ഇന്നു കാണുന ഗ്ലോബ്!
പണ്ട് അമേരിക്കന്‍ വന്‍കര കാണാന്‍ കൊളംബസ് എന്ന കപ്പലോട്ടക്കാരന്‍ കൊണ്ടുപോയ ഗ്ലോബാണത്രെ ഇന്നുള്ളവയില്‍ വച്ചേറ്റവും പഴക്കമുള്ള ഭൂഗോളം. വലിയൊരു പന്ത് മൃഗത്തോല്‍കൊണ്ട് പൊതിഞ്ഞ് അതിനുപുറത്തായിരുന്നു സ്ഥലങ്ങളും മറ്റും രേഖപ്പെടുത്തിയിരുന്നത്.
ഭൂപടത്തിന്റെ ശില്‍പികള്‍
4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ഈജിപ്തുകാരാണ് ഭൂപടത്തിന്റെ ശില്‍പികള്‍ എന്നുവേണമെങ്കില്‍ പറയാം. ഇന്നു കാണുന്നതുപോലെ കടലാസിലൊന്നുമായിരുന്നില്ല അത്. 'ഹീറോ ഗ്ലിഫിക്‌സസ്'എന്ന കളിമണ്‍ ഫലകത്തിലായിരുന്നു അന്നത്ത ഭൂപടം രേഖപ്പെടുത്തിയിരുന്നത്. കളിമണ്‍ ഫലകങ്ങളുണ്ടാക്കി ആവശ്യമായ വിവരങ്ങള്‍ വരച്ചുചേര്‍ത്ത് ഫലകങ്ങള്‍ തീയില്‍ ചുട്ടെടുക്കും. ഈ രീതിയെയാണ് 'ഹീറോ ഗ്ലിഫിക്‌സ്' എന്നുപറയുന്നത്. കണ്ടെടുത്തതില്‍ ഏറെ പഴക്കമേറിയ ഭൂപടം ഈ രീതിയിലുള്ളതായിരുന്നു.
പുതിയ രീതിയിലുള്ളവ കണ്ടെത്താന്‍ പ്രേരണ
അന്നത്തെ രാജാക്കന്മാരും ജന്മിമാരും രാജ്യ വിസ്തൃതി ഇത്തരം ഭൂപടങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ രീതിക്ക് വലിയ പോരായ്മയാണുണ്ടായിരുന്നത്. വിദൂരമായ പ്രദേശങ്ങളുടെ വിസ്തൃതിയോ മറ്റു സ്ഥിതിവിവരങ്ങളോ രേഖപ്പെടുത്താന്‍ ഇവയുടെ അസൗകര്യം സങ്കീര്‍ണമായി. മാത്രമല്ല, കൊണ്ടുപോകാന്‍ സുഗമവും അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യക്കുറവുകളും പുതിയ രീതിയിലുള്ള ഭൂപടങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിച്ചു.
ഭൂമിശാസ്ത്രജ്ഞന്മാര്‍ കാലങ്ങളായി നിരവധി പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഭൂപട നിര്‍മാതാക്കളെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഭൂമിയുടെ വലുപ്പം, ആകൃതി, കാലാവസ്ഥ, അതിലെ വ്യതിയാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇവയിലുള്‍പ്പെടുന്നു.
കപ്പല്‍ യാത്രികര്‍ക്ക് സഹായം
കൊളംബസിനെപ്പോലെ മറ്റുപല കപ്പലോട്ടക്കാരും കടല്‍യാത്രികരും ഗ്ലോബുകള്‍ ഉപയോഗിച്ചായിരുന്നു കടല്‍യാനം നടത്തിയിരുന്നത്. മഗല്ലന്‍, സര്‍ വാള്‍ട്ടര്‍ റാലി, ഡേക്ക് തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്. ഇവരില്‍ പലരും രണ്ട് ഗ്ലോബുകള്‍ ഉപയോഗിച്ചിരുന്നു. ഒന്നില്‍ ഭൂപ്രദേശങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റേതില്‍ ആകാശം, നക്ഷത്രങ്ങള്‍ എന്നിവയുമാണ് അടയാളപ്പെടുത്തിയിരുന്നത്. കൊളംബസ്് നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍ നിരീക്ഷിച്ചും കടല്‍ക്കാറ്റിന്റെ ദിശ ക്രമീകരിച്ചുമൊക്കെയായിരുന്നു ഇവരുടെ യാത്ര.
പോരായ്മകള്‍ നിരവധി
ഏറെ കൃത്യമായതും ഭൂമിയുടെ തനിപകര്‍പ്പുമായ ഭൂപടം എന്നും ഗ്ലോബ് തന്നെയാണ്. എന്നാല്‍, ഭൂമിശാസ്ത്രജ്ഞരുടെ വിവരാവശ്യങ്ങള്‍ക്ക് ഗ്ലോബ് മതിയാകാതെ വരുന്നു. കൂടുതല്‍ വിശദാംശങ്ങളുടെ അഭാവം, സാധാരണയാത്രയില്‍ത്തന്നെ ഇവ കൂടെക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍, വില താങ്ങാന്‍ പറ്റാതിരിക്കല്‍, കൊച്ചുസ്ഥലങ്ങള്‍ വിശദമാക്കി കാണിക്കാന്‍ ഗ്ലോബിന്റെ വലുപ്പത്തിന്റെ പ്രശ്‌നം ഇതൊക്കെ ഭൂപടത്തെയപേക്ഷിച്ച് ഗ്ലോബിനുള്ള പോരായ്മയായിട്ടാണ് കാണുന്നത്. ഏതെങ്കിലും രാജ്യത്തുള്ള ഒരു പട്ടണത്തിന്റെ മാത്രം വിവരമാണ് നമുക്ക് വേണ്ടതെങ്കില്‍ ഒരു ഗ്ലോബില്‍ ഒരു ബിന്ദു മാത്രമായിട്ടായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക.
ഭൂപടങ്ങളുടെ സൗകര്യങ്ങള്‍
ഗ്ലോബിന്റെ പരന്ന രൂപമായ ഭൂപടം ഏതൊരാള്‍ക്കും സൗകര്യപദം തന്നെയാണ്. ഒരു കൊച്ചുപട്ടണത്തിനുതന്നെ വലിയ വിശദാംശങ്ങള്‍ വരച്ചുചേര്‍ക്കാനും കൊച്ചു കുറിപ്പുകള്‍ നല്‍കാനും സാധിക്കുന്നു. കൊണ്ടുനടക്കാനും എവിടെയും തൂക്കാനും നിവര്‍ത്താനും എളുപ്പമാകുന്നു. ഗോബിനെ അപേക്ഷിച്ചു ഏതുസാധാരണക്കാരനും വാങ്ങാനും എളുപ്പം. വിലക്കുറവുമുണ്ട്.
ഗ്ലോബ് ഭൂപടമാകുന്നത്
ജെറാള്‍ഡ് മെര്‍ക്കാറ്റര്‍ എന്ന ശാസ്ത്രജ്ഞന്‍ ഗ്ലോബിനെ ഭൂപടമാക്കാന്‍ ഒരു ശ്രമം നടത്തിയത് ഇങ്ങനെയായിരുന്നു: ഭൂമിയുടെ ഉരുണ്ട ഉപരിതലത്തെ അടിച്ചുപരത്തി ഒരു ചതുരരൂപമാക്കുക. അപ്പോള്‍ നടുവിലെത്ത ഭാഗത്തേക്കാള്‍ പാര്‍ശ്വഭാഗങ്ങള്‍ വലിഞ്ഞ് വലുതായിനില്‍ക്കും. അതായത് ഒരു പന്ത് രണ്ടു ഭാഗങ്ങളാക്കി ഒരു ഭാഗത്തെ തല ശക്തിയില്‍ വലിച്ചുനീട്ടിയാല്‍ സമചതുരമോ, ചതുരരൂപത്തിലോ മാറ്റം വരുത്താന്‍ പറ്റുമല്ലോ ഇങ്ങനെയായിരുന്നു മെര്‍ക്കാറ്ററുടെ ഭൂപടം.
പ്രധാന ഭൂപടം
നാം ഇന്നുപയോഗിക്കുന്ന ഭൂപടങ്ങളെല്ലാം മെര്‍ക്കാറ്റര്‍ മെനഞ്ഞെടുത്തവയാണ്. ഇതിനൊരുവിശേഷപ്പെട്ട കാരണം സ്ഥലങ്ങളും കിടപ്പും രാജ്യാതിര്‍ത്തികളുമൊക്കെ ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവ സമുദ്രത്തിലും വിമാനത്തിലുമൊക്കെ സഞ്ചരിക്കുന്നവര്‍ക്ക് വലിയ സഹായകമാണ്. എന്നാല്‍, ധ്രുവങ്ങളില്‍ നിന്നകന്ന് സ്ഥിതിചെയ്യുന്ന ഏഷ്യ, ആഫ്രിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെ ദരിദ്രരാജ്യങ്ങളൊക്കെ മെര്‍ക്കാറ്ററുടെ ഈ മാപ്പില്‍ ഏറെ ചെറുതായാണ് കാണുന്നത്.
ധ്രുവങ്ങളോട് കൂടുതല്‍ അടുത്തുകിടക്കുന്ന യൂറോപ്പ്, റഷ്യ അമേരിക്കന്‍ ഐക്യനാടുകള്‍ കാനഡ തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്ളതിലധികം വലുതുമായാണ് കാണുന്നത്.
ഈ ഭൂപടം 1569ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മെക്കാറ്റര്‍ അങ്ങനെയൊന്നും ചിന്തിച്ചിരിക്കാനിടയില്ല.'അടിച്ചുപരത്തലില്‍' വന്ന അപാകതയായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഭൂപടത്തില്‍ കാണുന്നതെല്ലാം കണ്ണുമടച്ചുവിശ്വസിക്കരുത് എന്ന സൂചനയും ഈ പോരായ്മയും നമുക്ക് തരുന്നുണ്ട്.
മെര്‍ക്കാറ്റര്‍ ഭൂപടത്തിന്റെ
പോരായ്മകള്‍
ഗ്ലോബിനെ സൗകര്യപ്രദമായ ഭൂപടമാക്കിയത് മെര്‍ക്കാറ്റര്‍ ആണെങ്കിലും പല കുറവുകളും ഇതിനുണ്ടായിരുന്നു. ഭൂമി അത്ര ഉരുണ്ടതല്ല എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഒരു മത്തങ്ങ രൂപമാണ് ഭൂമി എന്നാണ് അനുമാനിച്ചു പോരുന്നത്. ഒരു റബര്‍പന്ത് രണ്ടു കൈകള്‍ക്കിടയില്‍ വച്ച് ശക്തിയായി അമര്‍ത്തി നോക്കുമ്പോള്‍, അമര്‍ന്ന ഭാഗങ്ങള്‍ താണും മറ്റു ഭാഗങ്ങള്‍ പുറത്തേക്കുതള്ളിയും വരും. ഒരു മുത്തങ്ങയുടെ ആകൃതി തന്നെ. പരന്ന രണ്ടു ഭാഗങ്ങളുടെയും മധ്യഭാഗങ്ങള്‍ ധ്രുവങ്ങളായി സങ്കല്‍പിക്കാം.
ഇങ്ങനെ ഭൂമിയുടെ ഉപരിതലം വലിച്ചു പരത്തി ചതുരരൂപത്തില്‍ വയ്ക്കുമ്പോള്‍ രണ്ടറ്റങ്ങളിലുള്ള ഭാഗം വലതായി തോന്നും.
ഗ്രീന്‍ലാന്റും അമേരിക്കയും ഭൂപടത്തില്‍
ഭൂപടത്തില്‍ അമേരിക്കക്ക് വടക്കുകിഴക്കുഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ലാന്റ് എന്ന പടുകൂറ്റന്‍ ദ്വീപു തന്നെയെടുക്കാം. മെര്‍ക്കാറ്റര്‍ ഭൂപടത്തില്‍ ഇതിന് ഏതാണ്ട് അമേരിക്കയോളം തന്നെ വലുപ്പമുള്ളതായി തോന്നുന്നു. ശരിക്കുമുള്ളതിന്റെ ഒമ്പതിരട്ടിയാണത്രെ ഭൂപടത്തില്‍ ഗ്രീന്‍ലാന്റിനു മെക്കാറ്റര്‍ നല്‍കിയിരിക്കുന്നത്. ധ്രുവങ്ങളോടടുത്ത എല്ലാ പ്രശ്‌നങ്ങള്‍ക്കും ശരിക്കുള്ളതിന്റെ അനേകമിരട്ടി വലിപ്പം തോന്നിപ്പിക്കുന്നു. ഗ്ലോബില്‍ നിന്ന് മെക്കാറ്റര്‍ ക്രമീകരിച്ച ഭൂപടത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
പീറ്റര്‍സിന്റെ ഭൂപടം
മെക്കാറ്ററുടെ ഈ പോരായ്മ പരിഹാരിക്കാന്‍ പില്‍ക്കാലത്ത് പല ശ്രമങ്ങളും നടന്നു. എന്നാല്‍, അവയൊന്നും തന്നെ പരിഹാരത്തിന് പൂര്‍ണത വരുന്നതായിരുന്നില്ല.
ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ആര്‍നോ പീറ്റര്‍സ് നടത്തിയ കണ്ടെത്തല്‍ എടുത്തു പറയേണ്ട ഒന്നാണ്. ഭൂമിയുടെ ഉരുണ്ട ആകൃതി തന്നെ വരക്കുകയാണ് ഇദ്ദേഹം ചെയ്തത്. വലുപ്പത്തിന്റെ കാര്യത്തില്‍ പീറ്റ്‌സിന്റെ വര കൃത്യമായിരുന്നുവെങ്കിലും ആകൃതി പലപ്പോഴും വികൃതമോ വികലമോ ആയിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡവും ഇന്ത്യയുമൊക്കെ നീട്ടിവലിച്ച രീതിയായിരുന്നു ഇത്.
കുറ്റമറ്റവ ഏത്?
കടലാസില്‍ വരക്കുന്ന ഒരു ഭൂപടവും കുറ്റമറ്റതല്ല എന്നതാണ് വാസ്തവം. സ്ഥലങ്ങളുടെ കിടപ്പ് ആകൃതി, ദൂരം, വലിപ്പം മറ്റു വസ്തുതകള്‍ എന്നിവയൊക്കെ അറിയാനാണല്ലോ ഭൂപടങ്ങള്‍ ഉപയാഗിക്കുന്നത്. ഇവയെല്ലാം ഒരു പോലെ കൃത്യമായി കാണിച്ചു തരുന്ന ഭൂപടങ്ങള്‍ കടലാസില്‍ വരയ്ക്കുക അസാധ്യമാണത്രെ. അക്കാരണത്താല്‍ ഒരോ ആവശ്യത്തിനു യോജിച്ച തരത്തിലുള്ള മാപ്പുകള്‍ ആവശ്യക്കാര്‍ തെരഞ്ഞെക്കുകയാണ് പതിവ്.
സാങ്കല്‍പിക രേഖകള്‍
ഭൂപടത്തിലുള്ള ലോകവിവരത്തെ രണ്ടു സങ്കല്‍പരേഖകള്‍ ഉപയോഗിച്ചാണ് പരിചയപ്പെടുത്താറ്. ഈ രീതികൊണ്ടുവന്നത് ഹിപ്പാര്‍ക്ക് എന്ന ശാസ്ത്രജ്ഞനാണ്. ലാറ്റിറ്റിയൂഡ് ലോംഗിറ്റിയൂഡ് എന്നിങ്ങനെയാണ് രണ്ടു രേഖകള്‍. എ.ഡി രണ്ടാം നൂറ്റാണ്ടിലെ ബുദ്ധിജീവിയായ ടോളമി ഈ രണ്ടു രീതികളുപയോഗിച്ച് ഭൂപടങ്ങളെ പരിഷ്‌കരിക്കുകയായിരുന്നു. ആധുനിക ഭൂപടത്തിന്റെ ഉപജ്ഞാതാവായി ലോകം കരുതുന്നത് ജെറാള്‍ഡ് മെര്‍ക്കാറ്റര്‍ എന്ന ശാസ്ത്രജ്ഞനെയാണ്. പതിനാറാം നൂറ്റാണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."