പനമരം വീണ്ടും മലിനമയം; നടപടി വേണമെന്ന് ആവശ്യം
പനമരം: മാലിന്യ നിക്ഷേപത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാത്ത പനമരം പഞ്ചായത്ത് അധികൃതര്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു.
ടൗണില്‍ ഉള്‍പ്പെടെ രാത്രിയുടെ മറവിലും അല്ലാതെയും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് ശേഷം ടൗണില്‍ മാലിന്യം കുന്നുകൂടിയിരുന്നു. ഇത് കാല്‍നടയാത്ര പോലും ദുഷ്‌കരമാക്കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിക്ഷേപിച്ചാണ് താല്‍ക്കാലിക പരിഹാരം കണ്ടത്.
പിന്നീട് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമാസത്തോളം വ്യാപാരികള്‍ ഉള്‍പ്പെടെ ടൗണില്‍ മാലിന്യം നിക്ഷേപിച്ചിരുന്നില്ല. എന്നാല്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും ടൗണില്‍ നിറയുകയാണ്. ചാക്കില്‍ കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. കച്ചവടക്കാര്‍ക്ക് പുറമേ തോട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സുകളിലെ മാലിന്യവും ടൗണില്‍ നിക്ഷേപിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ വാഹനങ്ങളിലെത്തിച്ചും പ്ലാസ്റ്റിക് ചാക്കിലാക്കി മാലിന്യം ടൗണില്‍ നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ടൗണില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ നടപടിയുണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.ടി ഇസ്മായില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മാലിന്യം സംസ്‌ക്കരിക്കാനെന്ന വ്യാജ്യേനെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ നിക്ഷേപിക്കാനെത്തിയവരെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. സ്വന്തമായി സ്ഥലമില്ലാത്തത് കാരണം ഇത്തരത്തില്‍ പലയിടങ്ങളിലും മാലിന്യം നിക്ഷേപിക്കേണ്ട അവസ്ഥയാണ് പഞ്ചായത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."