കലക്ടര്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് അപര്യാപ്തം
കല്‍പ്പറ്റ: പ്രളയകാലത്ത് വിലക്കേര്‍പ്പെടുത്തിയതില്‍ ആറ് ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് പ്രളയാനന്തര വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പ്രത്യേക ഗുണം ചെയ്യില്ലെന്ന് വിലയിരുത്തല്‍.
പ്രവര്‍ത്തന തടസം നീങ്ങിയ ആറ് ക്വാറികളില്‍ അഞ്ചും ക്രഷറുകളുടെ ഭാഗമാണ്. അതിനാല്‍ത്തന്നെ ഈ ക്വാറികളില്‍നിന്നു വീട്, റോഡ്, പാലം നിര്‍മാണത്തിനു ആവശ്യമായ കരിങ്കല്ല് ലഭിക്കില്ലെന്നാണ് പൊതുവെ അഭിപ്രായം.
പാരിസ്ഥിതികത്തകര്‍ച്ചയ്ക്കു കാരണമാകാത്ത പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്താനാനുമതി നല്‍കുകയാണ് നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ കരിങ്കല്ല് ന്യായവിലക്ക് ലഭ്യമാക്കുന്നതിനു ആവശ്യമെന്ന് നിര്‍മാണ രംഗത്തുള്ളവര്‍ പറയുന്നു.
ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും സമര്‍പ്പിച്ച 20 ലേറെ അപേക്ഷകള്‍ സബ്കലക്ടറുടെ കാര്യാലയത്തില്‍ കെട്ടിക്കിടക്കുകയാണെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ നേരത്തേ കരിങ്കല്‍ ഖനനം നിരോധിച്ച പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനവും വൈകുകയാണ്.
ചുണ്ട, പൊന്നട, വെള്ളമുണ്ട പുളിഞ്ഞാല്‍, പുല്‍പ്പള്ളി ശശിമല എന്നിവിടങ്ങളില്‍ ഒന്ന് വീതവും വെങ്ങപ്പള്ളിയില്‍ രണ്ടും ക്വാറികള്‍ക്കാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം പ്രവര്‍ത്താനുമതി. ഇതില്‍ പുളിഞ്ഞാലിലേതു ഒഴികെ ക്വാറികള്‍ ക്രഷറിനോടനുബന്ധിച്ചുള്ളതാണ്.
പുളിഞ്ഞാലിലെ ക്വാറിയില്‍ ശരാശരി 30 ലോഡ് കരിങ്കല്ലാണ് പ്രതിദിന ഉല്‍പാദനം. ക്രഷറുകളുടെ ഭാഗമായ ക്വാറികളില്‍ ഉല്‍പാദിപ്പിക്കുന്ന കരിങ്കല്ല് മെറ്റല്‍ നിര്‍മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
നാമമാത്ര ലോഡ് കരിങ്കല്ലു മാത്രമാണ് ക്രഷറുകളില്‍നിന്നു പുറത്തേക്ക് കൊടുക്കുന്നത്. എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ്(ഇസി) അനുവദിക്കുന്നത് വേഗത്തിലാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ ക്വാറികളെ വന്‍കിട, ചെറുകിട, നാമാത്ര എന്നിങ്ങനെ തരംതിരിച്ചിരുന്നു.
വന്‍കിട ക്വാറികള്‍ക്ക് കേന്ദ്ര സര്‍ക്കാരും ചെറുകിട ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാരും നാമമാത്ര ക്വാറികള്‍ക്ക് ജില്ലാ കലക്ടറുമാണ് പാരിസ്ഥിതിക അനുമതി നല്‍കേണ്ടത്. ജില്ലയില്‍ അഞ്ച് ഹെക്ടറില്‍ ചുവടെയുള്ള നാമമാത്ര ക്വാറികള്‍ മാത്രമാണുള്ളത്.
ജില്ലാ ജിയോളജിസ്റ്റ് മെംബര്‍ സെക്രട്ടറിയായ 11 അംഗ സമിതി പഠനത്തിന്‌ശേഷം ശുപാര്‍ശ ചെയ്യുന്ന മുറയ്ക്കാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ്കലക്ടറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറും അംഗങ്ങളുമായ സമിതി ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് ഇസി അനുവദിക്കേണ്ടത്.
എന്നാല്‍ അനാവശ്യ സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചും കിട്ടാന്‍ പ്രയാസമുള്ള രേഖകള്‍ ആവശ്യപ്പെട്ടും ഉദ്യോഗസ്ഥര്‍ അപേക്ഷകര്‍ക്കു പാരിസ്ഥിതിക അനുമതി നല്‍കുന്നതു നീട്ടുകയാണെന്ന് ക്വാറി രംഗത്തുള്ളവര്‍ പറയുന്നത്.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ 2016 ഓഗസ്റ്റ് രണ്ടിന് ഉത്തരവായിരുന്നു.
മണ്ണിടിച്ചില്‍ സാധ്യതയും പരിസ്ഥിതിനാശവും കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2)മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു ചെയര്‍മാന്റെ ഉത്തരവ്.
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ഖനനനിരോധനം ബാധകമാക്കിയ പ്രദേശങ്ങള്‍.ഖനന നിരോധനത്തിനെതിരേ കേരള ക്വാറി അസോസിയേഷന്‍ ബത്തേരി താലൂക്ക് സെക്രട്ടറി കെ. യൂസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ക്വാറി-ക്രഷര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായും മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെയുമാണ് ഖനനം നിരോധിച്ചതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.
ഇതില്‍ വാദം കേട്ട കോടതി നിര്‍ദേശിച്ചതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഹരജിക്കാരന്റെ വാദം കേട്ടു. കരിങ്കല്‍ ഖനനം നിരോധിച്ച പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ ഉത്തരവ് 2018 സെപ്റ്റംബറിന് മുന്‍പ് പുറപ്പെടുവിക്കണമെന്ന് 2018 മാര്‍ച്ച് 27ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി.
ബംഗളൂവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ്, മംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയില്‍ ഒന്നിനെ ചുമതലപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണമെന്നായിരുന്നു 2018 മാര്‍ച്ച് 27ലെ നിര്‍ദേശം.
ഇതനുസരിച്ച് ജില്ലാ ഭരണകൂടം കോഴിക്കോട് എന്‍.ഐ.ടിയെ നിയോഗിച്ചെങ്കിലും ശാസ്ത്രീയ പഠനം നടന്നില്ല.
പഠനകാലാവധി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിരിക്കയാണ്. പഠനച്ചെലവിലേക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലയിലെ ക്വാറിയുടമകളുടേത് കൊടിയ ചൂഷണമെന്ന്
കല്‍പ്പറ്റ: വയനാട്ടില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയതിനുസരിച്ച് പ്രവര്‍ത്തനമാരംഭിച്ച ആറു ക്വാറികളുടെയും ഉടമകള്‍ കൊടിയ ചൂഷണമാണ് നടത്തുന്നതെന്നു ടിപ്പര്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ മേഖല ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ക്രഷറുകളുടെ ഭാഗമായ അഞ്ചും അല്ലാത്ത ഒന്നും ക്വാറികള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചത്. കരിങ്കല്‍ ഉല്‍പാദനം തുടങ്ങിയ ഈ ക്വാറികളുടെ ഉടമകള്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. ഒരു ടിപ്പര്‍ ലോഡ് ബോളറിന് 3870-ഉം ഒരടി മെറ്റലിനു 50-ഉം രൂപവരെയാണ് ഈടാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ക്വാറികളില്‍ ഒരടി മെറ്റല്‍ 27-ഉം ഒരു ലോഡ് ബോളര്‍ 2,500-ഉം രൂപയ്ക്കു ലഭിക്കുമെന്നിരിക്കെയാണ് ഈ ചൂഷണം. പാരിസ്ഥിതികത്തകര്‍ച്ചക്കു കാരണമാകാത്ത സ്ഥലങ്ങളില്‍ ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ ചൂഷണം ഒഴിവാകുന്നതിനു പുറമേ ലോഡുകള്‍ ഇല്ലാതെ ടിപ്പറുകള്‍ നിര്‍ത്തിയിടുന്ന അവസ്ഥയ്ക്കും പരിഹാരമാകും.
1,400 ടിപ്പറുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 450 എണ്ണം ആഴ്ചകളായി നിര്‍ത്തിയിട്ടിരിക്കയാണ്. ഉപജീവനത്തിന് മറ്റ് തൊഴിലുകള്‍ തേടേണ്ട സ്ഥിതിയിലാണ് ഡ്രൈവര്‍മാര്‍. ബാങ്കുകളില്‍നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് ടിപ്പര്‍ വാങ്ങിയവര്‍ തവണകള്‍ തിരിച്ചടയ്ക്കാനാകാതെ ഗതികേടിലാണ്.
ടിപ്പര്‍ വാടക ഗണ്യമായി വര്‍ധിച്ചതാണ് കരിങ്കല്ലിന്റെയും മറ്റും വിലക്കയറ്റത്തിനു കാരണമായി ക്വാറി ഉടമകള്‍ ഉപഭോക്താക്കളോടു പറയുന്നത്. ഇത് യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഡീസല്‍ വില ഇരട്ടിയോളം വര്‍ധിച്ചിട്ടും ടിപ്പര്‍ വാടക കൂട്ടിയിട്ടില്ല.
ടിപ്പര്‍ ഉടമകളെയും ഡ്രൈവര്‍മാരെയും പ്രതിസന്ധിയില്‍നിന്നു കരകയറ്റുന്നതിനു ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നതുവരെ നിലവിലെ ക്വാറികളില്‍നിന്നു അനിശ്ചിതകാലം ലോഡ് എടുക്കേണ്ടെന്നാണ് അസോസിയേഷന്‍ തീരുമാനം.
ഇതര ജില്ലകളില്‍നിന്നു കരിങ്കല്ലും അനുബന്ധ ഉല്‍പന്നങ്ങളുമായി വരുന്ന ലോഡുകള്‍ തടയാനും പദ്ധതിയുണ്ട്.
കരിങ്കല്ലിന്റെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ക്വാറി ഉല്‍പന്നങ്ങളുടെ വില ഏകീകരണത്തിനു ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇ.എല്‍. ഷാജി, പി.എച്ച്. സാദിഖ്, ഷമീര്‍ കല്‍പ്പറ്റ, ടി.പി. ഷഫീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."