അനധികൃത പന്നിഫാം: പ്രവര്‍ത്തനം നിര്‍ത്താന്‍ സബ് കലക്ടറുടെ ഉത്തരവ്
മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം ഭാഗത്ത് മാവള്ളി ശിവരാജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നിഫാം പ്രവര്‍ത്തനം നിര്‍ത്താന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉത്തരവിട്ടു.
പൊതുജനാരോഗ്യത്തിന് ഹാനികരമായും പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയുമാണ് ഫാം പ്രവര്‍ത്തിച്ചുവരുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സി.ആര്‍.പി.സി സെക്ഷന്‍ 142 പ്രകാരമാണ് ഉത്തരവ്.
മാവള്ളി, ഇടശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക പ്രതിരോധത്തിന്റെ ഭാഗമായി പന്നിഫാം അടച്ചിടാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടത്. നിലവിലുള്ള കേസിന്റെ വിചാരണ ഒക്ടോബര്‍ 23ന് നടക്കും.
പന്നിഫാമിന്റെ മറവില്‍ അയല്‍ജില്ലകളില്‍ നിന്നും അറവുമാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ച് ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പന്നിഫാം ഉടമയുടെ തോട്ടത്തില്‍ കുഴിച്ചിടുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു.
ഇതുകാരണം ഇവിടെ നിന്നും ഉത്ഭവിക്കുന്ന മാവള്ളിതോടും മലിനമായിരുന്നു. കൂടാതെ 60 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലനിധി പദ്ധതിയും ഇവിടെയാണെന്ന് പ്രദേശവാസികള്‍ സബ് കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
സബ് കലക്ടറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫാമിലെ പന്നികളെ നീക്കം ചെയ്ത് ഫാം അടച്ചുപൂട്ടാനും, മാലിന്യങ്ങള്‍ കോരിമാറ്റാനും അതെല്ലെങ്കില്‍ കോടതിയില്‍ ഹാജാരാകാനും ക്രിമിനല്‍ നടപടി നിയമം സെക്ഷന്‍ 133 പ്രകാരം ജൂലൈ മാസത്തില്‍ സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫാം ഉടമ വക്കീല്‍ മുഖാന്തിരം കോടതിയില്‍ ഹാജരാകുകയും ആയതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയുമായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചതിലും, പഞ്ചായത്ത് ലൈസന്‍സില്ലാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന് ഉറപ്പുള്ളതിനാലുമാണ് ക്രിമിനല്‍ നടപടി നിയമം സെക്ഷന്‍ 142 പ്രകാരം ഫാം അടച്ചിടാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
കേസിന്റെ തുടര്‍ വിചാരണ ഈ മാസം 31ന് നടക്കും. ഉത്തരവിന്റെ കോപ്പി തൊണ്ടര്‍നാട് എസ്.ഐക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫിസറിനും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."