വാര്‍ഷിക പദ്ധതി അംഗീകാരം: ഇടുക്കി സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്ത്
തൊടുപുഴ: 2017-18 വാര്‍ഷിക പദ്ധതി അംഗീകാരത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന അവസാന ദിവസമായ മെയ് 31നകം പദ്ധതി സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയതില്‍ ഇടുക്കി ജില്ല സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്ത്.
മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും വാര്‍ഷിക പദ്ധതി അംഗീകാരം നേടിയ ഏക ജില്ല എന്ന ബഹുമതിയും ഇടുക്കി ജില്ല കരസ്ഥമാക്കിയെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ആകെയുള്ള 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 60 തദ്ദേശസ്വയംഭരണ സ്ഥാപനവും വാര്‍ഷിക പദ്ധതി അംഗീകാരം അനുവദനീയമായ സമയപരിധിക്കുള്ളില്‍ തന്നെ നേടി. (10132 എണ്ണം പ്രോജക്ടുകള്‍ക്കായി 533.2 കോടി രൂപ അടങ്കലുള്ള പദ്ധതികള്‍) 52 ഗ്രാമപഞ്ചായത്തുകള്‍, ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടിയാണ് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 52 ഗ്രാമപഞ്ചായത്തുകളുടെ 8955 പ്രോജക്ടുകള്‍ക്കായി 431.06 കോടി രൂപയും ആറ് ബ്ലോക്കുപഞ്ചായത്തുകളുടെ 644 പ്രോജക്ടുകള്‍ക്കായി 61.51 കോടി രൂപയും രണ്ട് മുനിസിപ്പാലിറ്റികളുടെ 533 പ്രോജക്ടുകള്‍ക്കായി 40.63 കോടി രൂപയും ഉള്‍പ്പെടെ ആകെ 10132 പ്രോജക്ടുകള്‍ക്കായി 533.2 കോടി അടങ്കല്‍ തുകയ്ക്കുള്ള വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."