മൊയ്തു ഹാജി: വിടപറഞ്ഞത് അശരണരുടെ അത്താണി
നാദാപുരം: ഇന്നലെ കുമ്മങ്കോട്ട് അന്തരിച്ച അരയാക്കൂല്‍ മൊയ്തു ഹാജിയുടെ വേര്‍പാടില്‍ നാദാപുരത്തിനു നഷ്ടമായത് അശരണരുടെ അത്താണിയെ.
വളരെ മുന്‍പ് തന്നെ പ്രവാസ ലോകത്ത് എത്തിച്ചേര്‍ന്ന മൊയ്തുഹാജി പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. ദൂര ദിക്കുകളില്‍ നിന്ന് പോലും ഇയാളെ തേടിയെത്തുന്നവര്‍ ഒരിക്കലും വെറും കൈയോടെ തിരിച്ചു പോകാറില്ല.
പഴയകാലത്ത് ഗള്‍ഫ് സ്വപ്നം കണ്ട നൂറുക്കണക്കിന് ആളുകളെ അവിടേക്കു എത്തിച്ച് അവരുടെ ജീവിതം പച്ചപിടിപ്പിക്കുന്നതിലും മൊയ്തു ഹാജി വലിയ പങ്കാണ് വഹിച്ചത്.
ജില്ലയിലെ പല ഭാഗങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന മസ്ജിദുകള്‍, മത സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നു.
കുമ്മങ്കോട്ടെ നുസ്രത്തുല്‍ ഇഖ്‌വാന്‍ മദ്‌റസ, ഫാറൂഖ് മസ്ജിദ്, എം. വൈ. എം യതീംഖാന എന്നിവയുടെ നിര്‍മാണം അദ്ദേഹത്തിന്റെ ശ്രമ ഫലമായിട്ടായിരുന്നു. നിലവില്‍ നുസ്രത്തുല്‍ ഇഖ്‌വാന്‍ മദ്‌റസ, ഫാറൂഖ് മസ്ജിദ് എന്നിവയുടെ പ്രസിഡന്റായും കടമേരി റഹ്മാനിയ്യ അറബിക് കോളജ്, നന്തി ദാറുസ്സലാം അറബിക് കോളജ് എന്നിവയുടെ ആജീവനാന്ത മെംബറായിരുന്നു.
നിര്യാണത്തില്‍ ഇന്നലെ വൈകിട്ട് നാദാപുരത്ത് ചേര്‍ന്ന പൗരാവലി അനുശോചന യോഗം നടത്തി. പി. ശാദുലി, കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, എം.പി സൂപ്പി, മണ്ടോടി ബഷീര്‍, പി. റസാഖ് മാസ്റ്റര്‍, എം. കെ കുഞ്ഞബ്ദുല്ല മൗലവി, കെ. അന്ത്രു മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."