പിയര്‍ റോഡ് വികസനം; പ്രതിഷേധവുമായി നാട്ടുകാര്‍
തലശ്ശേരി: ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി പിയര്‍ റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു.
മെയിന്‍ റോഡില്‍നിന്ന് പിയര്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മധ്യത്തിലായി കുഴിയെടുത്ത് അരമീറ്ററോളം ഉയരത്തില്‍ നാലു പൈപ്പുകള്‍ സ്ഥാപിച്ചതാണ് നാട്ടുകാരെയും വ്യാപാരികളെയും പ്രകോപ്പിച്ചത്.
പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തി ചൊവ്വാഴ്ച രാത്രിയോടെയാണു നടത്തിയത്. തുടര്‍ന്നു ബുധനാഴ്ച രാവിലെ പത്തോടെ പ്രതിഷേധവുമായി എത്തിയവര്‍ പ്രവൃത്തി തടഞ്ഞു.
ഭാവിയില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഈ ഭാഗത്തേക്കു പ്രവേശിക്കുന്നതിനു തടസമായി തീരുമെന്ന് പ്രദേശത്തുകാര്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റമുണ്ടായി. പിന്നീട് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.
1.52 കോടി രൂപ ചെലവഴിച്ചാണു ടൂറിസം വകുപ്പ് പിയര്‍ റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്നത്. കടല്‍ പാലത്തിനു സമീപത്തായി മിനി പാര്‍ക്കും റോഡിന്റെ തുടക്കത്തിലും അവസാന ഭാഗത്തുമായി രണ്ടു സ്വാഗത ബോര്ഡുകളുമാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്നത്. രണ്ടുമാസം മുന്‍പാണ് പ്രവൃത്തി ആരംഭിച്ചത്.
ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. അതേസമയം വാര്‍ഡ് കൗണ്‍സിലര്‍ അറിയാതെയാണ് നിര്‍മാണ പ്രവൃത്തിയില്‍ മാറ്റംവരുത്തിയതെന്നും അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ എടുത്തുമാറ്റണമെന്നും നഗരസഭാ പ്രതിപക്ഷനേതാവ് പി.പി സാജിദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."