'യാത്ര റാഫേല്‍ കരാര്‍ മൂടിവയ്ക്കാന്‍'; നിര്‍മലാ സീതാരാമന്റെ ഫ്രഞ്ച് യാത്രയ്ക്കും ആപ്പ് വച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ ഫ്രഞ്ച് യാത്രയ്ക്കു നേരെ അമ്പെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിര്‍മലയുടെ യാത്ര റാഫേല്‍ കരാര്‍ വിവാദം മൂടിവയ്ക്കാനാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അനില്‍ അംബാനിക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ നല്‍കിയ മറ്റു കരാറുകളുടെ വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
''റാഫേല്‍ കരാര്‍ വിവാദം മൂടിവയ്ക്കാനാണ് നിര്‍മലാ സീതാരാമന്റെ യാത്ര. ഇത് തീര്‍ത്തും അഴിമതിയാണ്. റാഫേലിന്റെയോ പ്രതിരോധ മന്ത്രാലയത്തിന്റെയോ മാത്രം അവസ്ഥയല്ല ഇത്. വേറെയും കരാറുകളുണ്ട്. മറ്റു കരാറുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും''- രാഹുല്‍ ഗാന്ധി പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് നിര്‍മലാ സീതാരാമന്‍ ഫ്രഞ്ചിലേക്ക് പുറപ്പെട്ടത്. മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് പദ്ധതിയിട്ടിരിക്കുന്നത്. 58,000 കോടി രൂപയ്ക്ക് 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍മലയുടെ യാത്ര.
'പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു'
ഫ്രഞ്ച് അന്വേഷണാത്മക മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. റാഫേല്‍ കരാറില്‍ അംബാനിയുടെ റിലയന്‍സ് തന്നെ 'നിര്‍ബന്ധം' എന്ന് ദസോള്‍ട്ട് കമ്പനിയുടെ രേഖകളില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
''അദ്ദേഹം നിങ്ങളുടെ പ്രധാനമന്ത്രിയല്ല. അദ്ദേഹം അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണ്''- രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ കരാറില്‍ അന്വേഷണം വേണം. സങ്കടകരമായ കാര്യമെന്നത്, പ്രധാനമന്ത്രിയുടെ മുഴുവന്‍ ക്യാംപയിനും അഴിമതിക്കെതിരെ പോരാടുമെന്നായിരുന്നു- വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."