മക്കളെ പൊതു വിദ്യാലയത്തില്‍ ചേര്‍ത്ത് എം.ബി.രാജേഷും വി.ടി.ബല്‍റാമും മാതൃകയായി
പാലക്കാട്: ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാറുള്ള രണ്ടുജനപ്രതിനിധികള്‍ മക്കളെ പൊതു വിദ്യാലങ്ങളില്‍ ചേര്‍ത്തതിലൂടെ സമൂഹത്തിന് മാതൃകാപ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുകയാണ്. മാത്രമല്ല, ഇവര്‍ മക്കളെ ജാതിയുടെ പേരില്‍ തരം തിരിക്കാതെ, ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയതായും പറയുന്നു.
പാലക്കാട് എം.പി എം.ബി രാജേഷ്, തൃത്താല എം.എല്‍ .എ വി.ടി ബല്‍റാം എന്നിവരാണ് മക്കളെ പൊതു വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ തയാറായത്. പാലക്കാട് മണപ്പുള്ളിക്കാവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലാണ് രാജേഷിന്റെ രണ്ടാമത്തെ മകള്‍ പ്രിയദത്തയെ ഒന്നാം ക്ലാസില്‍ ചേര്‍ത്തിരിക്കുന്നത്.
മൂത്ത മകള്‍ നിരഞ്ജനയെ പാലക്കാട് ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ത്തിട്ടുമുണ്ട്. ജാതിയും മതവും ചോദിച്ചുള്ള കോളങ്ങളില്‍ ഇല്ല എന്ന് രേഖപ്പെടുത്തി മക്കളെ സ്‌കൂളില്‍ ചേര്‍ത്തതില്‍ അഭിമാനമുണ്ടെന്നും രാജേഷ് പറഞ്ഞു.
മകന്‍ അദ്വൈത് മാനവിനെ വീടിനടുത്തുള്ള അരീക്കാട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലാണ് ചേര്‍ത്തിയിട്ടുളളതെന്ന് വി.ടി. ബല്‍റാം പറഞ്ഞു. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയതായും മകന് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന് ഇഷ്ടപ്പെട്ട മതം വേണമെങ്കില്‍ തിരഞ്ഞെടുക്കാമല്ലോ എന്നും വി.ടി. ബല്‍റാം പറയുന്നു. ഫേസ്ബുക്കില്‍ വിഡിയോയും ബല്‍റാം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."