നിസാമിന് നീതി ആവശ്യപ്പെട്ട് ജന്മനാട്ടില്‍ യോഗം
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മര്‍ദനമേറ്റ് മരിക്കാനിടയായ സംഭവത്തിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിസാമിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് നിസാമിന്റെ ജന്മനാടായ മുറ്റിച്ചൂരില്‍ ഒരു സംഘം നാട്ടുകാര്‍ യോഗം ചേര്‍ന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറ്റി അന്‍പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് നല്‍കുന്ന ദയാഹരജിയില്‍ ഇവര്‍ ഒപ്പുവച്ചു. നിസാമിന് പരോള്‍ അനുവദിക്കുക, മതിയായ ചികിത്സ നല്‍കുക, ജീവപര്യന്തം കഠിന തടവ് ഇളവ് ചെയ്യുക തുടങ്ങിയവയാണ് പ്രധാനമായും യോഗത്തില്‍ ഉന്നയിച്ച ആവശ്യം.
അതേസമയം നിസാമിന്റെ വീട്ടുകാര്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല. ജാതി, മത, രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദ കൂട്ടായ്മയോടെ നിസാമിന്റെ നീതിക്കായി പോരാടുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിസാമിന്റെ മോചനം ആവശ്യപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിന് മുന്നോടിയായി പ്രദേശത്ത് നോട്ടിസുകളും വിതരണം ചെയ്തിരുന്നു.
നോട്ടിസില്‍ നിസാമിനെ വാനോളം പുകഴ്ത്തുന്നുമുണ്ട്. പൊതുകാര്യ ധനസഹായി, കാരുണ്യ ധര്‍മസ്‌നേഹി, കായികസംരംഭ പ്രവര്‍ത്തകന്‍ എന്നിവയാണു നിസാമിനുള്ള വിശേഷണങ്ങള്‍. യാദൃഛികമായുള്ള പ്രകോപനങ്ങളാലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമെന്നാണു ചന്ദ്രബോസിന്റെ കൊലപാതകത്തെ വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു നിസാമിനെ കൊടും ഭീകരനാക്കിയെന്നും വിമര്‍ശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."