ശ്രീറാമിനെ അനുകൂലിച്ച് ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാഞ്ഞങ്ങാട്: ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചുമുള്ള ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗം ഫേസ്ബുക്ക് പോസ്റ്റിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനോട് പകവീട്ടുകയാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ശ്രീറാം മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് അപകടംവരുത്തിയതിനെ നിസാരവല്‍ക്കരിക്കുന്നതാണ് ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റോഡപകടത്തില്‍ ജീവന് നഷ്ടപ്പെട്ടാല്‍ കൊലക്കുറ്റം ചുമത്തണോയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രധാനമായും ചോദിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ചുമത്തേണ്ട വകുപ്പുകള്ക്കുപകരം ജാമ്യംപോലും ലഭിക്കാത്ത വലിയ വകുപ്പുകള്‍ ചുമത്തിയത് ബോധപൂര്‍വമാണോയെന്ന് സംശയിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മരിച്ച ബഷീറുമായി ശ്രീറാമിന് എന്തെങ്കിലും വിരോധമുള്ളതായി ആര്‍ക്കും ആക്ഷേപമില്ല. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് ബഷീറിനെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനാണ് 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും പോസ്റ്റില്‍ പറയുന്നു.
ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ധൈര്യം കാണിച്ച ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണുകിട്ടിയ അവസരം ഉപയോഗിക്കുകയാണോയെന്നും ഫേസ്ബുക്ക് പോസ്റ്റ് ചോദിക്കുന്നു. ഇടത് മാധ്യമപ്രവര്‍ത്തകരുടെയും ന്യായീകരണ തൊഴിലാളികളുടെയും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഈ സംശയം ബലപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി ശാസിച്ചിട്ടും ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ധൈര്യംകാണിച്ച ഉദ്യോഗസ്ഥനാണ് ശ്രീറാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. മാധ്യമങ്ങള്‍ ആത്മവിമര്‍ശനത്തിന് തയാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകന് കൂടിയായ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെടാനുണ്ടായ അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് ശ്രീറാമിനെ അനുകൂലിച്ചുള്ള ശ്രീകാന്തിന്റെ പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."