എന്തിനോ വേണ്ടി ഒരു ബസ്സ്റ്റാന്റ്
ആലക്കോട്: ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കരുവഞ്ചാല്‍ ബസ്സ്റ്റാന്റില്‍ ബസുകള്‍ കയറുന്നില്ല. ഏഴുവര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബസ്സുകള്‍സ്റ്റാന്റില്‍ കയറി സര്‍വിസ് നടത്തിയിരുന്നത്. സ്വകാര്യ വ്യക്തി നടുവില്‍ പഞ്ചായത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ലക്ഷങ്ങള്‍ മുടക്കി ബസ്റ്റാന്റ് നിര്‍മിച്ചത്.
കരുവഞ്ചാല്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രക്കാര്‍ക്ക് സുഗമമായി ബസില്‍ കയറുവാനുള്ള സാഹചര്യം ഒരുക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്ന ഭാഗത്തെ റോഡിന് വീതി കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ ഏറെ പ്രയാസപെട്ടാണ് സ്റ്റാന്റിലേക്ക് ബസ് കയറ്റിയിരുന്നത്. ബസ്സുകള്‍ സ്റ്റാന്റില്‍ കയറുന്നില്ലെന്ന് കാണിച്ച് വ്യാപാരികള്‍ ഉള്‍പെടെയുള്ളവര്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് കാവലില്‍ കുറച്ചു ദിവസം ബസുകള്‍ സ്റ്റാന്റില്‍ കയറ്റാന്‍ ഡ്രൈവര്‍മാര്‍ തയ്യാറായി.
എന്നാല്‍ പൊലിസിനെ പിന്‍ വലിച്ചതോടെ വീണ്ടും അവസ്ഥ പഴയതുപോലെയാവുകയായിരുന്നു. ബസ്സ്റ്റാന്റ് നോക്കുകുത്തിയായതോടെ ഇതിനുസമീപത്തായി ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളും വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ബസ്സ്റ്റാന്റില്‍ ആളുകയറാത്തതിനാല്‍ സ്റ്റാന്റും പരിസരവും കാടു കയറിനശിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി നിര്‍മിച്ച ശൗചാലയത്തിലേക്ക് മൂക്ക് പൊത്താതെ അടുക്കാന്‍ പറ്റില്ല. ടൌണില്‍ പാര്‍ക്ക് ചെയ്യുന്ന ടാക്‌സികള്‍ ഇങ്ങോട്ട് മാറ്റാനുള്ള തീരുമാനം പഞ്ചായത്ത് അധികൃതര്‍ കൈക്കൊണ്ടിരുന്നെങ്കിലും ഇതുവരെയായിട്ടും നടപടിയായിട്ടില്ല. ബസുകള്‍ സുഗമമായി പ്രവേശിക്കാനുള്ള സംവിധാനം അധികൃതര്‍ ഒരുക്കി കൊടുത്താല്‍ കരുവഞ്ചാലിന്റെ വികസനത്തിന് ഈ ബസ്സ്റ്റാന്റ് ഒരു മുതല്‍ കൂട്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."