കനത്ത മഴ തുടരുന്നു; മുംബൈ നഗരം ഒറ്റപ്പെട്ടു മലയാളികളടക്കം നാലുപേര്‍ മരിച്ചു
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം ഒറ്റപ്പെട്ടു. നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതോടെ റെയില്‍, റോഡ്, വ്യോമ ഗതാഗതം തകരാറിലായി. അടുത്ത 24 മണിക്കൂര്‍ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയില്‍ മലയാളിയടക്കം നാലുപേര്‍ മരിച്ചതായി പൊലിസ് അറിയിച്ചു. കോരിച്ചൊരിയുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ശക്തമായ മഴയോടുകൂടിയാണ് മുംബൈ നഗരം ഉണര്‍ന്നത്. തുടര്‍ച്ചയായി തുടരുന്ന മഴ ശനിയാഴ്ച കുറഞ്ഞിരുന്നെങ്കിലും ഇന്നലെ വീണ്ടും ശക്തമാകുകയായിരുന്നു. മുംബൈയില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ പലതും മണിക്കൂറുകള്‍ താമസിച്ചാണ് പലയിടത്തും എത്തുന്നത്.
മഴ തുടരുന്ന സാഹചര്യത്തില്‍ അപകടകരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈ നഗരം, സമീപ പ്രദേശങ്ങള്‍, താനെ, നവി മുംബൈ, പല്‍ഘാര്‍, റായ്ഗഡ് എന്നിവിടിങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ചീഫ് സെക്രട്ടറിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. അതിനിടയില്‍ പൂനെയില്‍ നിന്ന് 90 കി.മീറ്റര്‍ അകലെയുള്ള ലോനാവാലെയില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് 10 വയസുകാരന്‍ മരിച്ചു. സഹോദരിക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തതായി പൊലിസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ ഉറങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്.
പല്‍ഘാറിലെ ബുരന്ദാ ഗ്രാമത്തില്‍ കുടുങ്ങിയ 15 പേരെ രക്ഷപ്പെടുത്താനുള്ള വ്യോമ സേനാ നടപടി പരാജയപ്പെട്ടു. ജനങ്ങള്‍ എവിടെയാണെന്ന് കൃത്യമായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്. പശ്ചിമ എക്‌സ്പ്രസ് ഹൈവേയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കാനിടയായ സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.
അതേസമയം പൂനെയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. താനെയില്‍ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."