മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങള്‍ പലായനം ചെയ്തു
മാലെ: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ ജീവന് ഭീഷണിയെതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങള്‍ മാലദ്വീപില്‍ നിന്ന് പലായനം ചെയ്തു. കമ്മിഷന്റെ അഞ്ച് അംഗങ്ങളില്‍ നാലുപേരും അയല്‍ രാജ്യമായ ശ്രീലങ്കയില്‍ അഭയം തേടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ അനുയായികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അഹമ്മദ് ശരീഫ് പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് യമീന് അനുയായികള്‍ വീടിന്റെ മുന്നില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെതിരേ അബ്ദുല്ല യമീന് കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് മുഹമ്മദ് സലീം പറഞ്ഞു.
പരാതിയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അബ്ദുല്ല യമീന് തന്നെയാണ് നിലവിലെ പ്രസിഡന്റ്. തന്റെ കാലാവധി കഴിയുന്ന നവംബര്‍ 17 വരെ അധികാരത്തില്‍ തുടരാനാണ് അബ്ദുല്ല യമീന്റെ തീരുമാനം.
സെപ്റ്റംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുഹമ്മദ് സ്വാലിഹാണ് അട്ടിമറി ജയം നേടിയത്. അബ്ദുല്ല യമീനെക്കാള് 16 ശതമാനം വോട്ടുകളാണ് മുഹമ്മദ് സ്വാലിഹിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."