ഗംഗാനദി ശുചീകരണം: നിരാഹാര സമരം നടത്തിയ ജി.ഡി അഗര്‍വാള്‍ അന്തരിച്ചു
ഡെറാഡൂണ്‍: കാന്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി) മുന്‍പ്രൊഫസറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജി.ഡി അഗര്‍വാള്‍ അന്തരിച്ചു. അനിയന്ത്രിതമായി മലിനീകരിക്കപ്പെട്ട ഗംഗാനദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരത്തിനിടയിലാണ് അദ്ദേഹം മരിച്ചത്. 111 ദിവസമായി അദ്ദേഹം നിരാഹാര സമരം നടത്തി വരികയായിരുന്നു.
വ്യാപകമായി മലിനമായ ഗംഗാ നദിയെ ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുക, നദിയെ സുഗമമായി ഒഴുകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അദ്ദേഹം നിരാഹാര സമരം തുടര്‍ന്നിരുന്നത്. നിരാഹാര സമരത്തെ തുടര്‍ന്ന് അവശനിലയിലായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഋഷികേശിലെ ഓള് ഇന്ത്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2012ല്‍ ഇതേ രീതിയില്‍ സമരം നടത്തിയ സമയം അദ്ദേഹം തന്റെ പേര് സ്വാമി ജ്ഞാന്‍ സ്വരൂപ് സാനന്ദ് എന്നാക്കിയിരുന്നു. രണ്ടര മാസത്തോളം നീണ്ട നിരാഹാര സമരം അന്നത്തെ മന്മോഹന് സിങ് സര്‍ക്കാര്‍ ദേശീയ ഗംഗാ നദീതട അതോറിറ്റിക്ക് രൂപം നല്കിയ ശേഷമായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."