നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തൊടുപുഴ: നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കെ.എസ്.ഇ.ബി. ഓഗസ്റ്റില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴയുണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്.
സംഭരണശേഷിയുടെ 21.2 ശതമാനം ജലശേഖരമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 92.4 ശതമാനം വെള്ളമുണ്ടായിരുന്നു. 11.64 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ഇടുക്കി അണക്കെട്ടില്‍ മാത്രം പ്രതിദിനം ഒഴുകിയെത്തിയിരുന്നത് 25 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. ഏതാണ്ട് എല്ലാ അണക്കെട്ടുകളും അന്ന് 90 ശതമാനത്തിന് മുകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി ഇടുക്കിയില്‍ നിലവില്‍ 20 ശതമാനമാണ് ജലനിരപ്പ്. 879.335 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 3828.734 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു.
ഇടമലയാര്‍- 21, പമ്പ, കക്കി- 18, ഷോളയാര്‍-26, മാട്ടുപ്പെട്ടി-11, കുണ്ടള -19, പൊന്മുടി-33, കുറ്റ്യാടി-38, ആനയിറങ്കല്‍ -5, തര്യോട് -43 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പ്പാദനം 10 ദശലക്ഷം യൂനിറ്റിന് താഴെയായി കുറച്ചിട്ടുണ്ട്. 9.3242 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പ്പാദനം 1.912 ദശലക്ഷം യൂനിറ്റായിരുന്നു. 71.9845 ദശലക്ഷം യൂനിറ്റാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്. 62.6603 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.
കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മഴക്കണക്ക് പ്രകാരം 2019 ലെ കാലവര്‍ഷം (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) പകുതി പിന്നിട്ടപ്പോള്‍ 32% മഴക്കുറവാണ് ഉള്ളത്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 1363 മില്ലിമീറ്റര്‍ മഴയാണ്. ഇതുവരെ പെയ്തത് 933. 4 മില്ലിമീറ്റര്‍ മാത്രം.
ജൂണില്‍ 44% കുറവായിരുന്നു മഴ. ലഭിക്കേണ്ട 649. 8 മില്ലിമീറ്റര്‍ സ്ഥാനത്തു ലഭിച്ചത് 358. 5 മില്ലിമീറ്റര്‍ മാത്രം. ജൂലൈ മാസത്തില്‍ സാധാരണയായി 726. 1 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ പെയ്തത് 574. 9 മില്ലിമീറ്റര്‍. പശ്ചിമഘട്ടത്തോട് ചേര്‍ന്ന വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴക്കുറവ്. വയനാട് 1719. 5 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ആകെ പെയ്തത് 779 മില്ലിമീറ്റര്‍. ഇടുക്കിയില്‍ 1661.7 മി.മീറ്ററിന് പകരം ലഭിച്ചത് 868. 5 മില്ലിമീറ്റര്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."