പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി
പാരിസ്: പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. കരാര്‍ അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നും കരാര്‍ നീതി പുലര്‍ത്തുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉടമ്പടി ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഉടമ്പടിയുടെ ഭാരം അമേരിക്കന്‍ ജനതയുടെ മേലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാര്‍. കോടിക്കണക്കിന് രൂപ വിദേശസഹായം കൈപ്പറ്റുന്നതിനു വേണ്ടിയാണ് ഇന്ത്യ കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍്ഡ് ട്രംപ് ആണ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അധികാരത്തിലെത്തിയാല്‍ പാരിസ് കാലാവസ്ഥാ ഉടമ്പടി റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. അതേസമയം, ട്രംപിന്റെ തീരുമാനത്തിനെതിരേ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തെത്തി. തീരുമാനം ഭാവിയെ തള്ളിപ്പറയലാണെന്നും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനുള്ളതാണ് കരാറെന്നും ഒബാമ പറഞ്ഞു.
2015ലാണ് ആഗോളതാപനം തടയാനായി പാരിസ് കരാര്‍ തയാറാക്കിയത്. 195 രാജ്യങ്ങളാണ് ഇതില്‍ ഒപ്പു വച്ചത്. 2025 ആകുമ്പോഴേക്കും രാജ്യങ്ങള്‍ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിരക്ക് കുറക്കുകയെന്നാണ് കരാറിന്റെ ഉദ്ദേശം.
എന്താണ് പാരിസ് കരാര്‍?
മാനവരാശി നേരിടുന്ന വലിയ വിപത്തായ ആഗോളതാപനം തടയാനായി യുനൈറ്റഡ് നാഷന്‍സ് ഫ്രൈംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (യു.എന്‍.എഫ്.സി.സി.സി) 2015 ഡിസംബര്‍ 12ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ രൂപപ്പെട്ട സംയുക്ത തീരുമാനങ്ങളാണ് പാരിസ് കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയടക്കം 195 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
പ്രധാന തീരുമാനങ്ങള്‍: ആഗോളതാപനം ആദ്യഘട്ടത്തില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറക്കുക. പിന്നീട് 1.5 ഡിഗ്രിയിലേക്ക് കുറക്കാന്‍ പരിശ്രമിക്കുക. പരിസ്ഥിതി സൗഹൃദ വികസനം പ്രോത്സാഹിപ്പിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പാദനവും ബഹിര്‍ഗമനവും കുറക്കുക.
2018ല്‍ തീരുമാനത്തിന്റെ പുരോഗതി വിലയിരുത്താന്‍ യോഗം ചേരും. തുടര്‍ന്ന് ഓരോ അഞ്ചുവര്‍ഷം തോറും ഇത്തരത്തില്‍ പുനരവലോകനം നടക്കും.
നിലവില്‍ ചൈനയാണ് കൂടുതല്‍ ഹരിതഗൃഹ വാതകം പുറന്തള്ളുന്നത്. തൊട്ടുപിന്നില്‍ അമേരിക്ക. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."