370ാം വകുപ്പില്ലെങ്കില്‍ കശ്മീരില്‍ എന്ത് സംഭവിക്കും ?
കാശ്മീരിന്റെ 370ാം വകുപ്പ് നീക്കം ചെയ്തതോടെ വരാനിരിക്കുന്നത് കശ്മീരുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണതകള്‍. 1947ല്‍ പാകിസ്താന്റെ പിന്തുണയുള്ള സായുധ ഗോത്രക്കാരുടെ ആക്രമണത്തിന് പിന്നാലെ കശ്മീര്‍ ഭരണാധികാരി രാജാഹരിസിങ് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ തയ്യാറാവുകയും ചെയ്താണ് 370ാം വകുപ്പിന്റെ തുടക്കം.
1948 മാര്‍ച്ചില്‍ ഹരിസിങ് ശെയ്ഖ് അബ്ദുല്ലയെ പ്രധാനമന്ത്രിയാക്കി കശ്മീരില്‍ താല്‍ക്കാലിക സര്‍ക്കാറിന് രൂപം നല്‍കി. പിന്നാലെ ശെയ്ഖ് അബ്ദുല്ലയും മന്ത്രിമന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനും അതിനായി കശ്മീരിന് പ്രത്യക പദവി നല്‍കുന്ന 370 വകുപ്പ് രൂപീകരിക്കുന്നതിനുമുള്ള ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ ഭാഗമായി.
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 1950 ജനുവരിയില്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി 370ാം വകുപ്പ് ഉള്‍പ്പടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു.1949 ഒക്ടോബര്‍ 17നാണ് ഇത് ഭരണഘടനയുടെ ഭാഗമായത്. ഇത് പ്രകാരം ജമ്മു കാശ്മീരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. പ്രതിരോധം,വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മുകശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ല. അതെടെയാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ജനഹിത പരിശോധനയെന്ന നിരവധി കാര്യങ്ങള്‍ അതോടൊപ്പം വേറെയുമുണ്ടായിരുന്നു.
370ാം വകുപ്പ് എടുത്തു കളയുകയോ അസാധുവാക്കുകയോ ചെയ്താല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതാകുന്ന കരാര്‍ ഇല്ലാതാകുമെന്ന് വകുപ്പിലെ 1 സി നിബന്ധനയില്‍ പറയുന്നുണ്ട്. 370ാം വകുപ്പില്ലെങ്കില്‍ നമുക്ക് കശ്മീരുമില്ലെന്ന് സാരം. 370ാം വകുപ്പ് അംഗീകരിച്ചതുമായി ബന്ധപ്പെട്ട നടന്ന കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലും ശ്യാമപ്രസാദ് മുഖര്‍ജിയും വകുപ്പിനെ അനുകൂലിച്ചാണ് നിലപാടെടുത്തത്. എന്നാല്‍ വകുപ്പ് നിലവില്‍ വന്നതിന് ശേഷം അതിലെ വ്യവസ്ഥകളെ കേന്ദ്രസര്‍ക്കാര്‍ പലതവണ ലംഘിച്ചതായി എ.ജി നൂറാനി 'ആര്‍ട്ടിക്കിള്‍ 370: കോണ്‍സ്റ്റിറ്റിയൂഷണല്‍ ഹിസ്റ്ററി ഓഫ് ജമ്മു ആന്‍ഡ് കശ്മീര്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപടുന്നതിന് കേന്ദ്രത്തിന് കൂടുതല്‍ സഹായം നല്‍കും വിധം നാലു തവണയാണ് ഭേദഗതി കൊണ്ടുവന്നത്. 1975 ജൂലൈ 23ന് ഗവര്‍ണര്‍ക്ക് അധികാരം ലഭ്യമാകും വിധം ഭരണഘടനാ ഭേദഗതിയുണ്ടായി. ഈ ഘട്ടത്തില്‍ കശ്മീര്‍ ഭരണഘടനയിലും ഭേദഗതി വരുത്തി. ഗവര്‍ണര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനും കശ്മീരില്‍ കൂടുതല്‍ അധികാരങ്ങളുണ്ടാകുന്നത് ഈ ഭേദഗതിയോടെയാണ്.
1986 ജൂലൈ 30ന് ഭരണഘടനയിലെ 249ാം വകുപ്പ് കശ്മീരിലേക്ക് ബാധകമാവും വിധം പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. 1990ലും 1996ലും ഭേദഗതിയുണ്ടായി. എന്നിരുന്നാലും 370നെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആരും ധൈര്യം കാട്ടിയിരുന്നില്ല. 370ാം വകുപ്പ് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും 1952 വരെ നെഹ്‌റു സര്‍ക്കാറിന്റെ ഭാഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയാണ് രാജിവച്ച് ജനസംഘം രൂപീകരിക്കുകയും 370ാം വകുപ്പിനെതിരേ ആദ്യമായി രാഷ്ട്രീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കശ്മീരില്‍ പ്രവേശിക്കാന്‍ പ്രത്യേകം അനുമതി വേണ്ടിയിരുന്ന കാലത്ത് അതില്ലാതെ കശ്മീരിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മുഖര്‍ജി പിറ്റേന്ന് ഹൃദയാഘാതം മൂലം മരിച്ചു. ഫെഡറല്‍ സംവിധാനമെന്ന ആശയത്തെ എതിര്‍ത്തിരുന്ന ആളായിരുന്നു ഗോള്‍വള്‍ക്കര്‍. അതുകൊണ്ട് തന്നെ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ സംഘപരിവാര്‍ തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."