പ്ലസ് ടു പ്ലസ്
വിദ്യാഭ്യാസ കാലഘട്ടത്തിലെ വഴിത്തിരിവായ പ്ലസ് ടു പരീക്ഷയുടെ ഫലം പുറത്തുവരുന്ന സമയം ആശങ്കകളുടെ കാലമാണ്. താന്‍ ഭാവിയില്‍ ആരാവണം, ഉപരിപഠനത്തിന് അനുയോജ്യമായ കോഴ്‌സ് ഏതാണ്, ഏത് സ്ഥാപനത്തില്‍ പ്രവേശനം നേടണം, പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ടു കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉദിച്ചുയരുന്ന സമയമാണിത്.
വാനില്‍ തെളിയുന്ന തിളക്കമാര്‍ന്ന നക്ഷത്രങ്ങളെപ്പോലെ വിശാലമാണ് ഉപരിപഠനസാധ്യതകള്‍. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കലാണ് അഭിലഷണീയം. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ നിരവധി ഘടകങ്ങള്‍ പരിഗണിച്ച് വിദഗ്ധരായ കരിയര്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ തുടര്‍പഠനവും കരിയറും പ്ലാന്‍ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.
ആധുനിക ലോകത്ത് വിദ്യാഭ്യാസവും തൊഴില്‍മേഖലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. തൊഴില്‍ ആഭിമുഖ്യമുള്ള (Job oriented) കോഴ്‌സുകളും പാഠ്യപദ്ധതിയും ഇന്നു ലോകത്ത് സര്‍വവ്യാപിയാണ്. അറിവുനേടുക എന്നതോടൊപ്പം മികച്ച ഒരു കരിയര്‍ സ്വന്തമാക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. തൊഴില്‍ സങ്കല്‍പങ്ങളും ഇന്ന് പുതുമയാര്‍ജിച്ചിരിക്കുന്നു. കര്‍ഷകന്റെ മകന്‍ കര്‍ഷകന്‍, കച്ചവടക്കാരന്റെ മകന്‍ കച്ചവടക്കാരന്‍, ആശാരിയുടെ മകന്‍ ആശാരി എന്ന തൊഴില്‍ സങ്കല്‍പം ഇന്ന് പഴഞ്ചനായിരിക്കുന്നു. ഉപജീവനത്തിനു വേണ്ടി ഏതെങ്കിലും ഒരു തൊഴില്‍ എന്ന ചിന്തയിലും മാറ്റമുണ്ടായിട്ടുണ്ട്. അവനവന്റെ വ്യക്തിത്വം പ്രകടമാക്കുന്നതും ആത്മസംതൃപ്തി നല്‍കുന്നതുമായ തൊഴിലാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനാല്‍ വിദ്യാര്‍ഥിയുടെ കഴിവനുസരിച്ച വഴി തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. വൈവിധ്യമാര്‍ന്ന കോഴ്‌സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം.
പരീക്ഷ ജയിച്ച് ജീവിതം തോല്‍ക്കരുത്
പ്ലസ് ടു പൂര്‍ത്തീകരിച്ചവരില്‍ ഭൂരിഭാഗവും രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും താല്‍പര്യങ്ങള്‍ക്കു വിധേയമായി കോഴ്‌സ് തെരഞ്ഞെടുക്കുന്നവരാണ്. പരീക്ഷ ജയിച്ച് ജീവിതം തോല്‍ക്കുന്നവരായി ഇക്കൂട്ടര്‍ മാറാനുള്ള സാധ്യതയുണ്ട്. തനിക്ക് നേടാന്‍ കഴിയാത്ത സ്വപ്നം തന്റെ മകനിലൂടെ/മകളിലൂടെ യാഥാര്‍ഥ്യമാക്കണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കുട്ടിയുടെ കഴിവുപരിഗണിക്കുന്നുണ്ടോ എന്നു ചിന്തിക്കണം. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെ തങ്ങളുടെ താല്‍പര്യം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരും. രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തനിക്കു താല്‍പര്യമില്ലാത്ത വിഷയം പഠിക്കേണ്ടിവരുമ്പോള്‍ കുറെകഴിഞ്ഞാല്‍ കുട്ടിക്ക് പഠനം വിരസമാവുകയും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരികയും ചെയ്യുമെന്ന യാഥാര്‍ഥ്യത്തിനു നേരെ മുതിര്‍ന്നവര്‍ കണ്ണടയ്ക്കരുത്. വ്യക്തമായ ദിശാബോധത്തിന്റെ അഭാവത്തിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ തലമുറകള്‍ക്ക് നിരാശയുടെ വിത്തുപാകലാണ് എന്നു നാം തിരിച്ചറിയണം.
സ്‌പെഷലൈസേഷന്റെ കാലമാണിത്. ഏത് മേഖലകള്‍ക്കും സ്‌പെഷലൈസേഷനും ഉപരിപഠനസാധ്യതകളുമുണ്ട്. ശാസ്ത്രപുരോഗതിയുടെ ഫലമായി ലോകം വിരല്‍തുമ്പിലാണ്. അറിവും അവസരങ്ങളും മഹാസാഗരം പോലെ വിസ്തൃതമാണ്. ഡോക്ടര്‍, എന്‍ജിനീയര്‍, മാനേജ്‌മെന്റ് എന്ന ഗോള്‍ഡന്‍ ട്രയാങ്കിളിന് പുറത്തുകടന്ന് പുതിയ പാതകള്‍ തേടിയവര്‍ വലിയ വിജയഗാഥകള്‍ രചിക്കുന്ന സംഭവങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ബിരുദം അടിസ്ഥാനയോഗ്യതയുള്ളവര്‍ക്ക് കൃത്യമായ തയാറെടുപ്പോടെ സിവില്‍ സര്‍വിസിനും ശ്രമിക്കാവുന്നതാണ്.
ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഭാഷ പഠിച്ചവരെ തേടുന്നു. ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യയുടെ വിളനിലങ്ങളായ ഐ.ഐ.ടികള്‍ വരെ മാനവിക വിഷയങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാക്കുന്നു. ബാഹ്യശക്തികളുടെ പ്രേരണയ്ക്കു വഴങ്ങി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ഗുണകരമല്ല എന്നോര്‍ക്കണം. ലക്ഷ്യപ്രാപ്തിയിലെത്താന്‍ അശ്രാന്തമായ പരിശ്രമം അനിവാര്യമാണ്. കാലത്തെ അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും നേടാനുതകുന്ന കരിയര്‍ സ്വന്തമാക്കിയാല്‍ ഭാവി ജീവിതം ശുഭകരമാവുമെന്നത് തീര്‍ച്ചയാണ്.
പ്ലസ് ടുവിന് ശേഷം നിരവധി കോഴ്‌സുകളുണ്ട്. പ്രൊഫഷണല്‍, ടെക്‌നിക്കല്‍, സയന്‍സ്, മെഡിക്കല്‍, അലയഡ് സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, ഐ.ടി., ലാംഗ്വേജ്, സോഷ്യല്‍ സയന്‍സ്, അക്കാദമിക്ക്, മീഡിയ തുടങ്ങിയ മേഖലകളില്‍ ധാരാളം കോഴ്‌സുകള്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലഭ്യമാണ്. ഡിപ്ലോമ, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ്, പി.ജി., ഡോക്ടറല്‍ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കോഴ്‌സുകളും യഥേഷ്ടമുണ്ട്. പഠനം കഴിഞ്ഞാലുടന്‍ ജോലി ലഭിക്കാവുന്ന മേഖലയാണ് പ്രൊഫഷണല്‍ കോഴ്‌സുകള്‍. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വക്കീലന്‍മാര്‍ തുടങ്ങിയവര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തുവരുന്നവരാണ്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മെഡിക്കല്‍ വിഭാഗം. എം.ബി.ബി.എസ്., ബി.ഡി.എസ്., ബിഎച്ച്.എം.എസ്., ബി.എ.എം.എസ്., ബി.വി.എച്ച്.സി. ആന്റ് അനിമല്‍ ഹസ്ബന്ററി, ബി.എസ്.എം.എസ്, ബി.എന്‍.എം.എസ്. മുതലായവ മെഡിക്കല്‍ രംഗത്തെ പ്രധാന കോഴ്‌സുകളാണ്. വൈദ്യശാസ്ത്ര മേഖലയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്ലസ് ടുവിന് ബയോളജി ഉള്‍പ്പെട്ട സയന്‍സ് ഗ്രൂപ്പ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പുതിയ കണക്കുപ്രകാരം ഇന്ത്യയില്‍ ഇനിയും ആറ് ലക്ഷം ഡോക്ടര്‍മാരെ ആവശ്യമുണ്ട്.
വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്‌സുകളാണ്. പ്ലസ് ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് മാത്രമാണ് ഈ കോഴ്‌സുകളില്‍ ചേരാന്‍ കഴിയൂ. ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുള്ള കോഴ്‌സുകളാണിത്. സമീപ ഭാവിയില്‍ പത്തു ലക്ഷത്തിലധികം നഴ്‌സുമാരെ രാജ്യത്ത് ആവശ്യമായി വരുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലസ് ടു തലത്തില്‍ സയന്‍സ് പഠിച്ചവര്‍ക്ക് അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഡയറി സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമാണ്.
അവസരങ്ങളുടെ വാതിലുകളാണ് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകളുമുണ്ട്. ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് അലയഡ് സയന്‍സ്. ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, നാനോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കെമി ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. ഐ.ടി. മേഖലയില്‍ ഏതെങ്കിലും ഒരു സ്‌പെഷലൈസേഷന്‍ തെരഞ്ഞെടുത്ത ശേഷം ഉപരിപഠനം തുടര്‍ന്ന് തൊഴില്‍ മേഖലയിലെത്തുന്നതാണ് ഉചിതം.
സാങ്കേതിക മേഖലയില്‍ താല്‍പര്യവും ഉന്നതപഠനവും ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്‌സുകളാണ്. ഈ മേഖലയില്‍ ബി.ടെക്/ബി.ഇ, ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ. പരീക്ഷ. പ്ലസ് ടുവിന് ഫിസിക്‌സും മാത്‌സും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്‌സിനും ചേരാവുന്നതാണ്.
പ്ലസ് ടുവിന് മാനവിക വിഷയങ്ങള്‍ (ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്ക് നിയമം, സാമ്പത്തിക ശാസ്ത്രം, ആര്‍ക്കിയോളജി, വിദേശ ഭാഷകള്‍, കായിക പഠനം, പബ്ലിക് റിലേഷന്‍സ്, മാധ്യമരംഗം എന്നിവയില്‍ നൂതനവും വേറിട്ടതുമായ ധാരാളം കോഴ്‌സുകളും ഉപരിപഠന സാധ്യതകളുണ്ട്. പ്ലസ്ടുവിന് ശേഷം പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിന് ചേരാവുന്നതാണ്. ഇന്ത്യയിലും വിദേശത്തും ഏറെ വളര്‍ച്ചയുള്ള ഒരു വ്യവസായ മേഖലയായി ടൂറിസം രംഗം മാറിയതോടെ ഈ രംഗത്ത് ബിരുദവും, ഡിപ്ലോമകളും നേടുന്നവര്‍ക്ക് നിരവധി തൊഴില്‍ സാധ്യതകളുണ്ട്. ബി.എ. ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ബി.ടി.എസ്, ബി.ബി.എ., ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ലഭ്യമാണ്. മികച്ച തൊഴിലവസരങ്ങളുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് നിരവധി ബിരുദകോഴ്‌സുകള്‍ ഉണ്ട്.
അധ്യാപനം, ഗവേഷണം, പരിഭാഷ, പത്രപ്രവര്‍ത്തനം, കോപ്പിറൈറ്റര്‍, ലാംഗ്വേജ് എഡിറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, ഇന്റര്‍പ്രട്ടര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഭാഷാ പഠനത്തില്‍ ഉന്നത ബിരുദം നേടുന്നവര്‍ക്ക് അവസരങ്ങളുണ്ട്. എഞ്ചിനീയറിങ്ങ്, എം.ബി.എ., മെഡിക്കല്‍ തുടങ്ങിയ ജോലി ലഭ്യത കൂടുതലുള്ള പഠനങ്ങളില്‍ ഭാഷാപഠനവും ഇടം നേടിയിട്ടുണ്ട്. സിനിമ, ടി.വി., കമ്പ്യൂട്ടര്‍ ഗെയിം, പരസ്യം, വിദ്യാഭ്യാസം, ഫാഷന്‍ ഡിസൈന്‍, പബ്ലിഷിങ്ങ് തുടങ്ങിയ മേഖലകളിലേക്ക് അവസരങ്ങളുടെ വാതില്‍ തുറക്കുന്ന കോഴ്‌സാണ് ആനിമേഷന്‍. പഠിച്ച് മികവു തെളിയിക്കുന്ന സമര്‍ഥരായവര്‍ക്ക് ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്ങ്, സിവില്‍ സര്‍വീസ്, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്, അധ്യാപനം, ഗവേഷണം മുതലായ പല കരിയറുകളിലേക്കും എത്തിച്ചേരാം.
മാധ്യമ മേഖലയില്‍ റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, ന്യൂസ് റീഡര്‍ തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഡി.എഡ്, ബി.എഡ്, എം.എഡ്, ലാംഗ്വേജ് ടീച്ചേഴ്‌സ് ട്രെയിനിങ്ങ്, പ്രീപ്രൈമറി ടീച്ചേര്‍സ് ട്രെയിനിങ്ങ് തുടങ്ങിയ കോഴ്‌സുകള്‍ അധ്യാപന മേഖലയിലേക്ക് കടക്കാന്‍ ഉപകരിക്കും. കായികാധ്യാപകന്‍, പരിശീലകര്‍, ഫിറ്റ്‌നസ് മാനേജര്‍ എന്നീ കായിക പരിശീലന മേഖലയിലേക്ക് സിപെഡ്, ബി.പി.ഇ./ബി.പെഡ്, എം.പി.ഇ/എം.പെഡ് എന്നീ കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. ഹിസ്റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, റൂറല്‍ ഡവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ സോഷ്യല്‍ സയന്‍സ് മേഖലയിലെ പ്രധാന പഠനങ്ങളാണ്. ഈ മേഖലയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് സാധ്യതകളേറെയാണ്.
കൊമേഴ്‌സ്
അനന്ത സാധ്യതകളുള്ള മറ്റൊരു മേഖലയാണ് കൊമേഴ്‌സിന്റെ വഴികള്‍. ബി.കോം കഴിഞ്ഞാല്‍ എം.ബി.എ. അല്ലെങ്കില്‍ സി.എ. എന്നതായിരുന്നു ബിസിനസ് രംഗത്തെക്കുറിച്ചുണ്ടായിരുന്ന മുന്‍ധാരണയെങ്കില്‍ ഇന്ന് അതു മാറിവരുന്നുണ്ട്. ബി.ബി.എ. ആയിരുന്നു ആദ്യം എത്തിയത്. ഇന്ന് ബി.ബി.എം., ബി.ടി.എ. തുടങ്ങിയ കോഴ്‌സുകളുണ്ട്. കോസ്റ്റ് വര്‍ക്ക് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, മാനേജ്‌മെന്റ്, ടാക്‌സേഷന്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍വെസ്റ്റമെന്റല്‍്് അനലിസ്റ്റ്, റിസോര്‍സ് മാനേജ്‌മെന്റ് ഇവയെല്ലാം കൊമേഴ്‌സ് പഠിച്ചവര്‍ക്ക് മുന്നിലെ വാതായനങ്ങളാണ്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഓഹരി വിപണി, സഹകരണ സംഘം തുടങ്ങിയ മേഖലകളിലെല്ലാം ബി.കോം ബിരുദദാരികള്‍ക്ക് ഏറെ അവസരങ്ങളുണ്ട്. ബി.കോമും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങില്‍ പരിശീലനവും നേടുന്നവര്‍ക്ക് ലോകത്തിന്റെ ഏതു കോണിലും അക്കൗണ്ടന്റായി ജോലി ചെയ്യാവുന്നതാണ്.
സ്ഥാപനങ്ങള്‍: എന്തെല്ലാം ശ്രദ്ധിക്കണം
മക്കളുടെ തുടര്‍പഠനത്തിനായി നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നീട് ദു:ഖിക്കേണ്ടി വരില്ല. കാരണം വിഷയത്തേക്കാള്‍ പ്രധാനമാണ് പഠിക്കുന്ന സ്ഥാപനം എന്ന് ഓര്‍ക്കണം. കുട്ടിയുടെ അഭിരുചിക്കനുസരിച്ച് മെഡിസിനോ എന്‍ജിനീയറിങ്ങോ ഹോട്ടല്‍ മാനേജ്‌മെന്റോ ഏതുമാവട്ടെ അതിനേക്കാള്‍ പ്രാധാന്യം ആ വിഷയം ഏതു കോളജില്‍ പഠിക്കുന്നു എന്നതാണ്. പഠിച്ച സ്ഥാപനത്തിന്റെ പേര് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കും. എം.ഐ.ടി. പ്രൊഡക്ട്, ഐ.ഐ.ടി. പ്രൊഡക്ട്, ഐ.ഐ.എം. പ്രൊഡക്ട് തുടങ്ങിയ ലേബലുകള്‍ നിങ്ങളുടെ സവിശേഷതയായി പരിഗണിക്കും. മികച്ച കോളജുകളാണ് കാമ്പസ് റിക്രൂട്ട്‌മെന്റിനായി പ്രമുഖ കമ്പനികള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിനാല്‍ സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കും പാരമ്പര്യത്തിനും അധ്യാപക-ലാബ് സൗകര്യങ്ങള്‍ക്കും പഠനാനന്തര പരിശീലനങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. കോളജിന്റെ നിലവാരത്തിനനുസരിച്ച് റിക്രൂട്ട്‌മെന്റിനായി വരുന്ന കമ്പനികളുടെ നിലവാരത്തിലും മാറ്റമുണ്ടാകും.
ഏത് കോഴ്‌സ് പഠിച്ചാലും കോളജ് നല്ലതാണെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. ഒരു കോഴ്‌സ് തന്നെ പല കോളജുകളിലും പല നിലവാരത്തിലാണ് പഠിപ്പിക്കുന്നത് എന്ന് വിസ്മരിക്കരുത്. ഭാവിയിലെ ജോലി സാധ്യതയില്‍ പഠനനിലവാരത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ കോളജുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കാമ്പസും സൗകര്യങ്ങളും
കോളജിലെ അക്കാദമിക കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ഏറെ പ്രധാനമുള്ളതാണ് അവിടുത്തെ അച്ചടക്കവും കുട്ടികളുടെ സുരക്ഷയും മനസ്സിലാക്കല്‍. കാരണം റാഗിങ്ങ് പോലുള്ള ക്രൂരതക്ക് കീഴടങ്ങി രാജ്യത്തിനും കുടുംബത്തിനും മുതല്‍ക്കൂട്ടാവേണ്ട പല വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ ജീവിതം ബലികഴിക്കേണ്ടിവന്നിട്ടുണ്ട് എന്ന വര്‍ത്തമാനയാഥാര്‍ഥ്യം നാം ഉള്‍ക്കൊള്ളണം. കുട്ടികളുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനുള്ള വേദിയായി പല സ്ഥാപനങ്ങളിലും ഇന്ന് കൗണ്‍സിലിങ്ങ് സൗകര്യങ്ങളുണ്ട്. മാത്രമല്ല സ്ഥാപനത്തില്‍ ആന്റിറാഗിങ്ങ് സ്‌ക്വാഡ് സജീവമാണോ എന്നും അന്വേഷിക്കണം.
അംഗീകാരം
ഏത് സര്‍വകലാശാലയുടെ കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷിക്കണം. അംഗീകാരമില്ലാത്ത കോളേജിലെ പ്രവേശനവും അംഗീകാരം ലഭിക്കാത്ത കോഴ്‌സിലെ പഠനവും നിങ്ങളുടെ ഭാവി അവതാളത്തിലാക്കും.
ലാബ്/ലൈബ്രറി
കോളജിലെ ലബോറട്ടറി, വര്‍ക്‌ഷോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ലൈബ്രറി, അനുപാഠ്യപ്രവര്‍ത്തനങ്ങള്‍ ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കണം.
ഫീസും മറ്റു ചെലവുകളും
ഏജന്റ് മുഖേന ഡൊണേഷനും ഫീസും നല്‍കുന്നവര്‍ പലവിധത്തില്‍ കബളിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡൊണേഷന്‍, ഫീസ് എന്നിവ കോളജുമായി നേരിട്ട് ബന്ധപ്പെട്ട് മനസിലാക്കണം.
ഹോസ്റ്റല്‍ സൗകര്യങ്ങള്‍
ഹോസ്റ്റലില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്ന കാര്യം അറിഞ്ഞിരിക്കണം. അന്യസംസ്ഥാനത്ത് പഠിക്കുന്ന കുട്ടികളില്‍ ചിലരെങ്കിലും വഴിതെറ്റിപോകുന്നതായുള്ള വാര്‍ത്തകള്‍ രക്ഷിതാക്കളെ അസ്വസ്ഥമാക്കാറുണ്ട്.
മാനേജ്‌മെന്റ് ശൈലി (സര്‍ക്കാര്‍, സര്‍ക്കാര്‍ സ്വാശ്രയം, സ്വകാര്യ സ്വാശ്രയം, ന്യൂനപക്ഷം)
മുന്‍ വര്‍ഷങ്ങളിലെ വിജയശതമാനം
പ്ലേസ്‌മെന്റ് റിക്കോര്‍ഡ്
സ്ഥാപനത്തിന്റെ അക്കാദമിക ചരിത്രവും മതിപ്പും
കോളജിലെ പഠനാന്തരീക്ഷം
വ്യക്തിത്വവികാസത്തിന് നല്‍കുന്ന പ്രാധാന്യം
സ്‌കോളര്‍ഷിപ്പുകളുടെയും മറ്റ് വിദ്യാഭ്യാസാനുകൂല്യങ്ങളുടെയും ലഭ്യത
നിലവിലുള്ള വിദ്യാര്‍ഥികളുടെ അഭിപ്രായം
പൂര്‍വവിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്ന സ്ഥാപനങ്ങള്‍
വീടുമായുള്ള അകലം എന്നിവയെല്ലാം ശ്രദ്ധിക്കണം
ഉപരിപഠനത്തിനായി കോളജ് തെരഞ്ഞെടുക്കുമ്പോള്‍ 'മെന്ററിങ്ങ്' നടപ്പിലാക്കുന്ന സ്ഥാപനമാണൊ എന്ന അന്വേഷണം നല്ലതാണ്. നാഷണല്‍ അക്രഡിറ്റേഷന്‍ ആന്‍ഡ് അഫിലിയേഷന്‍ കൗണ്‍സില്‍ അഥവാ 'നാകി' ന്റെ മാനദണ്ഡമനുസരിച്ച് എല്ലാ കോളജുകളിലും ഒരു അധ്യാപികയ്ക്ക് അല്ലെങ്കില്‍ ഒരു അധ്യാപകന് കുറച്ച് കുട്ടികളുടെ ചുമതല നല്‍കുന്നുണ്ട്. അവരുടെ എല്ലാ കാര്യങ്ങളും ചുമതലപ്പെട്ട അധ്യാപകനുമായി പങ്കുവയ്ക്കുന്നു. അധ്യാപക - വിദ്യാര്‍ഥി ബന്ധം ഊഷ്മളമാക്കുന്ന ഈ 'മെന്ററിങ്ങ്' കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് അഭിലഷണീയം. എന്‍ജിനീയറിങ്ങ് കോളജ് തെരഞ്ഞെടുക്കുമ്പോള്‍ ആ കോളജിന് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ.), സര്‍വകലാശാല എന്നിവയുടെ അംഗീകാരമുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തമായ ദിശാബോധത്തോടെ കുട്ടികളെ ഉപരിപഠനത്തിനയക്കാന്‍ രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ഏതൊരു കുട്ടിക്കും അനുയോജ്യമായത് എന്ന് പറയാവുന്ന ഒരു കോഴ്‌സും ഇല്ല. ഓരോ കുട്ടിയുടെയും കാര്യത്തില്‍ പരിഗണിക്കേണ്ട വിവിധ ഘടകങ്ങള്‍ ഉണ്ട്. വ്യക്തിത്വ സവിശേഷതകള്‍, താല്‍പര്യം, കഴിവ്, അഭിരുചി, സാമ്പത്തിക അടിത്തറ, ഭാവിയിലെ സാധ്യതകള്‍, ധാര്‍മ്മിക പിന്‍ബലം എന്നിവയെല്ലാം പരിഗണിച്ചാണ് കരിയര്‍ പ്ലാന്‍ ചെയ്യേണ്ടത്. തനിക്കു യോജിച്ച തൊഴില്‍ ഏതാണെന്ന് സ്‌കൂള്‍ പഠന കാലത്തുതന്നെ അവബോധമുണ്ടാക്കുകയും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുക്കുകയുമാണ് അഭികാമ്യമായ മാര്‍ഗം. തെരഞ്ഞെടുത്ത മേഖലയിലുള്ള അഭിരുചിയും വൈദഗ്ധ്യവും സംഗമിക്കുമ്പോഴാണ് ലക്ഷ്യം വിജയതീരമണയുന്നത്. ശരിയായ ആസൂത്രണം നടത്തുന്ന കുട്ടിക്ക് പ്ലാന്‍ ചെയ്യുന്ന കരിയര്‍ തീര്‍ച്ചയായും ലഭിക്കുന്നതാണ്. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ വര്‍ഷങ്ങള്‍ നഷ്ടമാകാനിടയാകും. മത്സരാധിഷ്ഠിതമായ വര്‍ത്തമാനകാലത്ത് നാം ചെലവഴിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."