ബഷീറിനെ തലസ്ഥാനം അനുസ്മരിച്ചു; പ്രതിയെ സംരക്ഷിക്കില്ലെന്ന് മന്ത്രിമാര്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ തലസ്ഥാനം അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബും പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ കുറ്റക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രിമാരായ എം.എം മണി, ഇ.ചന്ദ്രശേഖരന്‍, ഇ.പി ജയരാജന്‍ എന്നിവര്‍ പറഞ്ഞു.
ബഷീറിനെ യഥാര്‍ഥത്തില്‍ കൊല്ലുകയായിരുന്നെന്ന് മന്ത്രി മണി പറഞ്ഞു. നീതിബോധം കാണിക്കേണ്ട ഐ.എ.എസുകാരന്‍ അത് കാണിക്കുന്നില്ല. പൊലിസിനെപ്പറ്റിയുള്ള പരാതിക്ക് അടിസ്ഥാനമുണ്ട്. ഒരു എസ്.ഐയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. പിന്നില്‍ പ്രബലമായ ശക്തിയുണ്ട്. ഐ.എ.എസുകാരുടെ സ്വാധീനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെയാകെ വിറങ്ങലിപ്പിച്ച സംഭവമായിരുന്നു ബഷീറിന്റെ മരണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കുറ്റവാളിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സൂചിപ്പിച്ചുകഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നല്ല മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തെയാണ് തകര്‍ത്തതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഈ സംഭവത്തില്‍ കുറ്റവാളിയെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. പ്രതിയെ ആരെങ്കിലും വഴിവിട്ട് സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. ഐ.എ.എസ് സമൂഹത്തിന് ഇത്രയും പേരുദോഷം വരുത്തിയ മറ്റൊരാളില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുതന്നെ അപമാനമായ ശ്രീറാം സ്വമേധയാ രാജിവച്ച് ശിക്ഷ ഏറ്റുവാങ്ങുകയാണ് വേണ്ടതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സൗമ്യമധുരമായ ഇടപെടല്‍കൊണ്ട് സൗഹൃദവലയം നേടിയെടുക്കാന്‍ കഴിഞ്ഞയാളാണ് കെ.എം ബഷീറെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുകയാണ്. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, ബി.ജെ.പി നേതാവ് വി.വി രാജേഷ്, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, മുന്‍ എം.പി എം.പി അച്യുതന്‍, സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് സെയ്ഫുദ്ദീന്‍ഹാജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."