കുടിശ്ശിക നല്‍കിയില്ല; നഗരസഭാ കോംപ്ലക്‌സില്‍ ശുദ്ധജലമില്ല
തലശ്ശേരി: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോംപ്ലക്‌സില്‍ ശുദ്ധജല വിതരണം മുടങ്ങി. ജില്ലാ സഹകരണ ബാങ്ക്, വിജയാ ബാങ്ക്, ഇറിഗേഷന്‍ കാര്യാലയം, എസ്.എസ്.ടി പ്രിന്റിങ് പ്രസ് കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ മൂന്നുദിവസമായി ജലവിതരണം മുടങ്ങിയിട്ട്.
പഴയ ബസ് സ്റ്റാന്‍ഡില്‍ മൂത്രമൊഴിക്കാന്‍ സൗകര്യമുള്ള ഏകസ്ഥലം ജൂബിലി കോംപ്ലക്‌സിലാണുള്ളത്. വിവിധ സ്ഥാപനങ്ങളിലായി നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടങ്ങളില്‍ ജോലിയും ചെയ്യുന്നുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകള്‍ക്കു ശുചിമുറിയില്‍ പോകാന്‍ വെള്ളമില്ലെന്നതിനൊപ്പം മുഖം കഴുകാനുള്ള വെള്ളംപോലും കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ലഭ്യമാകുന്നില്ല.
വാട്ടര്‍ അതോറിറ്റിക്കു ശുദ്ധജലം വിതരണം നടത്തിയ വകയില്‍ ആറര ലക്ഷം രൂപയോളം കുടിശികയുള്ളതിനാല്‍ വാട്ടര്‍ അതാറിറ്റി ശുദ്ധജല വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. വാടകയിനത്തില്‍ ഒരുദിവസം അടക്കാനുള്ള തുക അടച്ചില്ലെങ്കില്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കുകയോ വന്‍തുക പിഴയീടാക്കുകയോ ചെയ്യാന്‍ കണിശത കാണിക്കുന്ന നഗരസഭ വാടകതുക കൃത്യമായി പിരിച്ചെടുത്തിട്ടും ശുദ്ധജല വിതരണം മുടക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നാണ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനകാരും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും ഒരുപോലെ പരാതിപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."