ദേശീയ പൗരത്വ രജിസ്റ്റര്‍: പുനപ്പരിശോധനയ്ക്ക് ഹാജരാകണമെന്ന് അധികൃതര്‍
ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടു തയാറാക്കിയ പട്ടികയില്‍ പേരുള്‍പ്പെട്ട ആയിരക്കണക്കിന് ജനങ്ങളോട് വീണ്ടും പുനപ്പരിശോധനക്ക് ഹാജരാകാന്‍ നിര്‍ദേശം.
ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിനകം ബന്ധപ്പെട്ടവരെ സമീപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 24 മണിക്കൂറിനകം പുനപ്പരിശോധനയ്ക്ക് ഹാജരാകണമെന്ന ഉത്തരവ് ലഭിച്ചതോടെ പലരും ആശങ്കയിലാണ്. ജനിച്ച മണ്ണില്‍നിന്ന് ആട്ടിയോടിപ്പിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയിലാണ് ഇവരെല്ലാം.
കാമരൂപ് ജില്ലയില്‍ മാത്രം 25,000 പേര്‍ക്ക് നോട്ടിസ് നല്‍കിയതായി അഡീഷനല്‍ ഡെപ്യൂട്ടി കമ്മിഷനര്‍ ദോര്‍ത്തി സുയിചാങ് അറിയിച്ചു.
അതേസമയം വീണ്ടും ജനങ്ങളെ പുനപ്പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സംസ്ഥാന പൗരത്വ രജിസ്റ്റര്‍ കോ-ഓഡിനേറ്റര്‍ പ്രതീക് ഹജാല തയാറായില്ല.
അസമിലെ അതിര്‍ത്തി മേഖലയിലുള്ളവരെയെല്ലാം പുനപ്പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു ആവശ്യമില്ലെന്ന് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞതിനു പിന്നാലെയാണ് 24 മണിക്കൂറിനകം ഹാജരാകണമെന്ന നിര്‍ദേശം ജനങ്ങള്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."