55.04 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു
കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ പ്രകാരം സാമൂഹ്യനീതി വകുപ്പ് ജില്ലയില്‍ 55.04 ലക്ഷം രൂപ വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ മിശ്ര വിവാഹിതര്‍ക്കുള്ള പ്രത്യേക ധനസഹായമായി 123 അപേക്ഷകര്‍ക്ക് 36.4 ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചത്. വനിതകള്‍ ഗൃഹനാഥയായിട്ടുളള കുടുംബങ്ങളിലെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ ധനസഹായമായി 101 കുട്ടികള്‍ക്ക് 3.5 ലക്ഷം രൂപയും വികലാംഗ സ്‌കോളര്‍ഷിപ്പി ഇനത്തില്‍ 21 കുട്ടികള്‍ക്ക് 1.62 ലക്ഷം രൂപയും ഇക്കാലയളവില്‍ അനുവദിച്ചിട്ടുണ്ട്.
വിധവ പുനര്‍ വിവാഹ പദ്ധതി മംഗല്യയ്ക്കു കീഴില്‍ 6.25 ലക്ഷം രൂപ ജില്ലയില്‍ വിതരണം ചെയ്തു. വികലാംഗ യുവതികളുടേയും വികലാംഗരായവരുടെ പെണ്‍മക്കളുടെയും വിവാഹ ധനസഹായമായി 1.30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 13 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുളള അതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ക്കുളള സഹായധനമായി 24 പേര്‍ക്ക് 6 ലക്ഷം രൂപയും ഇക്കാലയളവില്‍ അനുവദിച്ചു.
കോട്ടയത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോം കുട്ടികള്‍ക്കായുളള കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മെറ്ററി, വായനശാല, കമ്പ്യൂട്ടര്‍ ലാബ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, മിനി ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കടുത്തുരുത്തി കല്ലറയില്‍ മഹിളാ മന്ദിരത്തിനായി 1.22 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അതിക്രമങ്ങള്‍ക്ക് ഇരയായതും ദുരിത ബാധിതരുമായ സ്ത്രീകളുടെ സംരക്ഷണത്തിനായാണ് മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിന്റെ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം 80 ലക്ഷം രൂപ ചെലവില്‍ ജന്‍ഡര്‍ പാര്‍ക്ക് തുടങ്ങുവാനും വകുപ്പിന് പരിപാടിയുണ്ട്. ബഡ്‌സ് സ്‌കൂളുകള്‍ക്ക് 35 ലക്ഷം രൂപ ചിലവില്‍ ഉപകരണങ്ങള്‍ നല്‍കുവാനും ഭിന്നശേഷിക്കാര്‍ക്ക് 80 ലക്ഷം രൂപ ചെലവില്‍ ത്രിചക്ര സ്‌കൂട്ടര്‍ നല്‍കുന്നതിനും വകുപ്പ് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."