ചിട്ടികള്‍ക്കായി വ്യാജ രേഖയുണ്ടാക്കി; നീതിക്കുവേണ്ടി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വീട്ടമ്മയുടെ പരാതി
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ ചിട്ടികള്‍ക്കായി അയല്ക്കാരന് വ്യാജ ജാമ്യരേഖയുണ്ടാക്കിയതായും ഇതിനെതിരേ പരാതി നല്‍കിയതിന് അതിക്രമം നടത്തുന്നതായും അതിനാല്‍ നീതി ലഭിക്കണമെന്നും കാണിച്ച് വീട്ടമ്മയും കുടുംബവും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്കി.
കെ.എസ്.എഫ്.ഇയുടെ കൊട്ടിയം, മയ്യനാട് ശാഖകളിലെ സ്വന്തം ചിട്ടിക്കായി ഈട് നല്കിയ വസ്തു, അയല്‍വാസിയായ കുഞ്ഞുമോന് അയാളുടെ രണ്ടു ചിട്ടിക്കുകൂടി ജാമ്യത്തിനായി നല്‍കിയെന്നും പിന്നീട് ഉടമസ്ഥര്‍ അറിയാതെ മൂന്ന് ചിട്ടികള്ക്കുകൂടി ഈടാക്കി മാറ്റുകയായിരുന്നെന്നും കൊല്ലം മയ്യനാട് തെക്കുംകരയില്‍ പ്രവീണ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ചിട്ടികളുടെ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.എഫ്.ഇ ജപ്തി നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് പ്രവീണയും കുടുംബവും തട്ടിപ്പ് വിവരം അറിയുന്നത്.
തുടര്‍ന്ന് നിയമ നടപടി ആരംഭിച്ച ഇവരുടെ നേരെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കൂട്ടി കുഞ്ഞുമോന് അക്രമം നടത്തി. ഇവര്‍ വീടുകയറി ആക്രമണം നടത്തിയതായും പൊലിസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നും പ്രവീണ ആരോപിക്കുന്നു.
ഭ്രാന്താശുപത്രിയില്നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുത്തും മറ്റ് പരാതികള്‍ റദ്ദാക്കിയും പ്രതിയെ രക്ഷിക്കാന്‍ പൊലിസ് ശ്രമിക്കുകയാണ്. കുഞ്ഞുമോന് തങ്ങളുടെ വസ്തു ഈടായി നല്‍കിയിട്ടുള്ള ചിട്ടികളുടെ ജാമ്യം റദ്ദാക്കണമെന്നും വീടുകയറി ശാരീരികമായി ആക്രമിച്ച കൊട്ടിയം സി.ഐ അജയ്നാഥ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രവീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."