നവീകരണത്തിന് 20ലക്ഷം രൂപ അനുവദിച്ചു ഈസ്റ്റ് മാറാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
മൂവാറ്റുപുഴ: :ഈസ്റ്റ് മാറാടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് 20ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചത്.
എന്നാല്‍ ഈ തുക ഉപയോഗിച്ച് രണ്ട് നിലകളിലായി കെട്ടിടം നിര്‍മ്മിച്ചങ്കിലും ഭൗതീക സാഹചര്യം ഒരുക്കാത്തതിനാല്‍ ഈ അധ്യായനവര്‍ഷവും ഇവിടെ ക്ലാസുകള്‍ തുടങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കത്തതിനാല്‍ ചോര്‍ന്ന് ഒലിക്കുന്ന പഴയകെട്ടിടത്തിലാണ് പ്രവേശനോത്സവം അടക്കം നടന്നത്.
പുതിയ മന്ദിരം പൂര്‍ത്തിയാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ലത ശിവനും പി.ടി.എ ഭാരവാഹികളും എല്‍ദോ എബ്രഹാം എംഎല്‍എയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രതിനിധികളോടൊപ്പം സ്‌കൂളിലെത്തി സ്‌കൂളിന്റെ ദയനീയാവസ്ഥ മനസിലാക്കിയശേഷമാണ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20ലക്ഷം രൂപ അനുവദിച്ചത്. പുതിയ മന്ദിരത്തിന് ജനലുകളും വാതിലുകളും പിടിപ്പിക്കുന്നതിനും നിലം കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനും ടൈല്‍സ് വിരിക്കുന്നതിനുമാണ് തുക അനുവദിച്ചത്.
ഇതോടൊപ്പം തന്നെ ടോയ്‌ലറ്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കും. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ തന്നെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നാണിത്. കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ 100ശതമാനം വിജയം കരസ്ഥമാക്കാനും ഈ സ്‌കൂളിന് കഴിഞ്ഞു.
നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകളിലൊന്നായ ഈ സര്‍ക്കാര്‍ സ്‌കൂളിനെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സ്‌കൂളിലെത്തിയ എം.എല്‍.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍, പി.ടി.എ.ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."