കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് രാജ്യവ്യാപക പ്രക്ഷോഭത്തിന്; എല്ലാ സംസ്ഥാനങ്ങളിലും പ്രകടനം നടത്തും
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എതിര്‍സ്വരങ്ങളെ അധികാരത്തിന്റെ ബലത്തില്‍ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെങ്കില്‍ അത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരുമെന്ന് ഡല്‍ഹിയില്‍ ദേശീയ കമ്മറ്റി തീരുമാനങ്ങള്‍ വിശദികരിക്കവെ അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും. അതിന് പുറമെ മറ്റ് പ്രതിഷേധ പരിപാടികള്‍ അതത് സംസ്ഥാനഘടകങ്ങള്‍ കൂടിയാലോച്ചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളും ബോധവല്‍ക്കരണവും അത്യാവശ്യമാണന്നും മുസ്ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി. ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ദേശീയ ഐക്ക്യത്തേയും ഭദ്രതയേയും അപകടത്തിലാക്കുന്ന നീക്കമാണ് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുക വഴി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിംലീഗ് വിലയിരുത്തി.
സ്വാതന്ത്രസമരസേനാനികളും ഭരണഘടനാശില്‍പ്പികളുമായിരുന്ന നേതാക്കള്‍ കാശ്മീര്‍ ജനതയ്ക്ക് നല്‍കിയ പ്രത്യേക പരിഗണനയെ എടുത്ത് കളയുക വഴി സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ രാജ്യത്തിന്റെ ധാര്‍മിക മൂല്ല്യങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. യാതൊരു കൂടിയാലോചനകളുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ പൂര്‍ണ്ണസംസ്ഥാന പദവി എടുത്ത് കളയുകയും രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്യുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ മൂല്ല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ജമ്മുകാശ്മീരിന് സംഭവിച്ചത് നാളെ മറ്റേത് സംസ്ഥാനങ്ങള്‍ക്കും സംഭവിച്ചേക്കാമെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്നും മുസ്ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി.
മുത്തലാഖിനെ ക്രിമിനല്‍ വല്‍ക്കരിച്ചുള്ള നിയമവും, യു.എ.പി.എ, എന്‍.ഐ.എ പോലോത്ത കരിനിയമങ്ങളും രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നത് ഏതൊരാള്‍ക്കും ബോധ്യപെടുന്ന കാര്യമാണ്. സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണങ്കില്‍ ഇത്തരത്തിലുള്ള വിവാദ ബില്ലുകള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മറ്റിക്ക് വിടാനും ബില്ലുകളെ പറ്റി കൂടുതല്‍ അഭിപ്രായങ്ങള്‍ തേടാനും സര്‍ക്കാര്‍ ശ്രമിക്കുമായിരുന്നു. അതുണ്ടായിട്ടില്ലന്ന് മത്രമല്ല പേരിന് സഭയില്‍ ബില്ല് ചര്‍ച്ചചെയ്‌തെന്ന് വരുത്തി ഞൊടിയിടയില്‍ നിയമമാക്കാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. സംഘപരിവാര്‍ അജണ്ടയായ ഏകസിവില്‍കോഡ് നടപ്പാക്കാനായിരിക്കും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അടുത്ത ശ്രമമെന്ന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി ആശങ്കരേഖപ്പെടുത്തി.
എല്ലാ ജനാധിപത്യമതനിരപേക്ഷ കക്ഷികളും എതിരഭിപ്രായങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാറിന്റെ ജനവിരുദ്ധന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുസ്ലിംലീഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Muslim league organising protest march against central govt
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."