പന്മനയില്‍ മോഷണ പരമ്പര; മൂന്ന് വീടുകളില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു
ചവറ: പന്മന വടക്കുംതല കൊല്ലകയില്‍ മോഷണ പരമ്പര. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് വീടുകളില്‍ മോഷ്ടാക്കള്‍ കയറി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.
സജീദ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞ്, പ്ലാമൂട്ടില്‍ റഹിയാനത്ത്, തുണ്ടില്‍ പടിഞ്ഞിറ്റതില്‍ ബാബു എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. മുഹമ്മദ് കുഞ്ഞിന്റെ മരുമകളുടെ കഴുത്തില്‍ക്കിടന്ന രണ്ടരപ്പവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്തു. ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെട്ടു. റഹിയാനത്തിന്റെ വീട്ടില്‍ ആരും ഇല്ലായിരുന്നു രാവിലെ വീട്ടുകാര്‍ എത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്.
അകത്ത് കടന്ന് പരിശോധിച്ചപ്പോള്‍ എല്ലാ മുറിയിലെയും വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇവിടെ നിന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്നു നാലായിരം രൂപ കവര്‍ന്നു. ബാബുവിന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ കഴുത്തില്‍ക്കിടന്ന രണ്ടരപ്പവന്റെ മാല, കൈയിലെ ചെയിന്‍ എന്നിവ ഊരി മാറ്റി. ശബ്ദം കേട്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടു. ചവറ പൊലിസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്ധരായ ചിത്ര, വര്‍ഗീസ് ,അനീസ് ജോണ്‍ എന്നിവര്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."