സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് വ്യാപകമായി കൂട്ട സ്ഥാനക്കയറ്റം
തിരുവനന്തപുരം: കെ.എ.എസ് നടപ്പിലാക്കുന്നതിനു മുന്‍പ് സെക്രട്ടേറിയറ്റില്‍ കൂട്ട സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. കഴിഞ്ഞ മാസം ഒരു വിഭാഗത്തിന് സ്ഥാനക്കയറ്റം നല്‍കിയതിനു പിന്നാലെയാണ് അടുത്ത പട്ടിക ഇന്നലെ ഇറങ്ങിയത്. പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് രണ്ടാം പട്ടികയില്‍ ഇടംപിടിച്ചത്. നേരത്തെ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. കൂടാതെ ചില തസ്തികകള്‍ ഭരണ സൗകര്യാര്‍ഥം ക്രമീകരിച്ചും ഉത്തരവിറക്കി. കൃഷി(മൃഗ സംരക്ഷണ) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയും തൊഴിലും നൈപുണ്യവും വകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയും പരസ്പരം മാറ്റി. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍(സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാലക്കാട്) രജിസ്ട്രാറായ അഡീഷണല്‍ സെക്രട്ടറി ടി.കെ ആന്റണിയെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി നിയമിച്ചു.
ജനറല്‍ സര്‍വിസിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഐ.എസ് സുബാഷ് ചന്ദ്രബോസിനെ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി നിയമിച്ചു. കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷനില്‍ സെക്രട്ടറിയായ അഡീഷണല്‍ സെക്രട്ടറി സി. രാജേന്ദ്രന്‍ ചെട്ടിയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ രജിസ്ട്രാറായി അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചു.
പൊതുഭരണ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയായ ദിലീപ് ഖാനെ കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷനില്‍ സെക്രട്ടറിയായി അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചു. ന്യൂഡല്‍ഹി കേരള ഹൗസ് കണ്‍ട്രോളറായ അഡീഷണല്‍ സെക്രട്ടറി ജോര്‍ജ് മാത്യുവിന് കേരളാ ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസറുടെ അധിക ചുമതല നല്‍കി. പ്രോട്ടോക്കോള്‍ ഓഫിസറായിരുന്ന അഡീഷണല്‍ സെക്രട്ടറി എം. സലീമിന് പിന്നീട് നിയമനം നല്‍കും.
സീനിയര്‍ മോസ്റ്റ് ഡെപ്യൂട്ടി സെക്രട്ടറിയായ വി.എസ് ആശാദേവിയെ ജോയിന്റ് സെക്രട്ടറി തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയി നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയായ എ.ടി ഷിബുവിനെ ജോയിന്റ് സെക്രട്ടറിയായി പ്രൊവിഷണല്‍ സ്ഥാനക്കയറ്റം നല്‍കി ഡയരക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി നിയമിച്ചു. സ്ഥലംമാറ്റുന്ന ജോയിന്റ് സെക്രട്ടറി ഡി. ലീന ലിറ്റിയെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ടീം ലീഡര്‍ (അഡ്മിനിസ്‌ട്രേഷന്‍) ആയി അന്യത്ര സേവ നിയമന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചു.
ജോയിന്റ് സെക്രട്ടറി ഇ.കെ ശിവദാസനെ ഹോര്‍ട്ടികോര്‍പ്പ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായും ജോയിന്റ് സെക്രട്ടറി കെ. ജ്യോതിയെ വനിതാ കമ്മിഷനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായും അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ചു.
ഡെപ്യൂട്ടി സെക്രട്ടറിയായ പി. ഷീലയെ കൃഷി (മൃഗ സംരക്ഷണ) വകുപ്പില്‍ ജോയിന്റ് സെക്രട്ടറി തസ്തികയില്‍ നിയമിച്ചു. ജോയിന്റ് സെക്രട്ടറി മുഹമ്മദ് അന്‍സാരിയെ സിവില്‍ സപ്ലൈസ് ഡയരക്ടറുടെ കാര്യാലയത്തില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ മാറ്റി നിയമിച്ചു. പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുമായ ഷൈന്‍ എ. ഹക്കിനെ പൊതുഭരണ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.
പ്രോട്ടോക്കോള്‍ ഓഫിസറായി ജോ. സെക്രട്ടറി ബി. സുനില്‍കുമാറിനെയും ജോ. സെക്രട്ടറി അജിത് കെ. ജോസഫിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഓഫിസിലും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."