മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍
കണ്ണൂര്‍: കടലിന്റെ ആഴംകൂട്ടല്‍ നടപടി നിലച്ചതോടെ ആയിക്കരയിലെ മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍. ഹാര്‍ബറിലേക്ക് പ്രവേശിക്കാനാകാതെ മണല്‍തിട്ടയില്‍ തട്ടി ബോട്ടുകള്‍ കുടുങ്ങുന്നത് പതിവാകുന്നു.
ആയിക്കര ഫിഷിങ് ഹാര്‍ബറിലെ നൂറുകണക്കിന് ബോട്ടുകളാണ് വേലിയേറ്റവും കാത്ത് മണിക്കൂറുകളോളം കടലില്‍ നില്‍ക്കേണ്ടിവരുന്നത്. ബോട്ടുജെട്ടിക്ക് സമീപം കടലില്‍ മണല്‍ നീക്കം ചെയ്യാന്‍ കരാര്‍ ഉണ്ടെങ്കിലും ഫിഷറീസ് വിഭാഗത്തിന്റെ അനാസ്ഥയാല്‍ മണല്‍ നീക്കം നിലച്ചിരുന്നു. ആയിക്കര ഹാര്‍ബറിലെ തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സംഘങ്ങളിലൂടെ വാങ്ങിയ നിരവധി ബോട്ടുകള്‍ മണല്‍തിട്ടകളില്‍ ഇടിച്ചുതകരുന്നത് പതിവാണ്. ഇത് തൊഴിലാളികള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. ബോട്ടുകള്‍ ഇടിച്ചുതകരുന്നത് ഒഴിവാക്കാനാണ് വേലിയേറ്റ സമയം നോക്കി ബോട്ടുകള്‍ ഹാര്‍ബറില്‍ അടിപ്പിക്കുന്നത്. രാത്രിയും പകലും കടലില്‍ തങ്ങി മീന്‍ശേഖരിച്ചെത്തുന്നവര്‍ക്ക് കരയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഉഴലുകയാണ്. ഹാര്‍ബറിന് സമീപം ഇപ്പോള്‍ തന്നെ വലിയ മണല്‍തിട്ട രൂപപ്പെട്ടുകഴിഞ്ഞതായി തൊഴിലാളികള്‍ പറഞ്ഞു. കരക്കെത്തുന്ന മണല്‍ നീക്കം ചെയ്യാന്‍ ഫിഷറീസ് അധികൃതര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് മണലെടുപ്പ് താളംതെറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."