ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വാവുബലിക്ക് ആയിരങ്ങളെത്തും
ആലുവ : കര്‍ക്കിടക വാവുബലിയ്ക്കായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് വാവുബലിയ്ക്കായി ആയിരങ്ങള്‍ ആലുവയിലെത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
ആലുവ നഗരസഭയുടേയും, ദേവസ്വം ബോര്‍ഡിന്റേയും നേതൃത്വത്തിലാണ് വാവുബലിയ്ക്കായുള്ള സൗകര്യങ്ങള്‍ ഇക്കൊല്ലവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആലുവ ശിവരാത്രിയ്ക്ക് ശേഷം തര്‍പ്പണത്തിനായി ഏറ്റവും അധികം ആളുകള്‍ എത്തിച്ചേരുന്നത് കര്‍ക്കിടകവാവിനാണ്. ഇന്ന് പുലര്‍ച്ചെ 3.15 മുതല്‍ ആരംഭിച്ച തര്‍പ്പണ ചടങ്ങുകള്‍ ഉച്ചയ്ക്ക് 2.15 വരെ നീണ്ടുനില്‍ക്കും. ശുചീകരണം പൂര്‍ത്തിയായ കടവുകളില്‍ വേണ്ടത്ര സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്ക് പാലം നിര്‍മ്മിച്ച ശേഷമുള്ള ആദ്യ കര്‍ക്കിടക വാവുബലിയാണ് ഇത്തവണ നടക്കുന്നത്.
കാലാവസ്ഥ അനുകൂലമായതോടെ മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ആളുകള്‍ക്ക് ബലിദര്‍പ്പണം നടത്താന്‍ സൗകര്യങ്ങളും ഏറെയുണ്ട്. നേരത്തേ വെള്ളപ്പൊക്കംമൂലം മണപ്പുറം കരകവിഞ്ഞൊഴുകുന്ന സമയങ്ങളില്‍ റോഡരികിലും മറ്റും താല്ക്കാലികമായി ബലിത്തറകള്‍ ഒരുക്കി തര്‍പ്പണം നടത്തിയിട്ടുണ്ട്.
അദ്വൈതാശ്രമ കടവിലും, ബലിദര്‍പ്പണത്തിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ 300 പൊലീസ് ഉദ്യോഗസ്ഥരും, അഗ്നിശമനസേനയുടെ മുങ്ങല്‍ വിദഗ്ദരും മുഴുവന്‍ സമയവും മണപ്പുറത്തുണ്ടാകും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ആംബുലന്‍സും, അടിയന്തിര ചികിത്സാ സൗകര്യങ്ങളും ഇന്നലെ തന്നെ മണപ്പുറത്തെത്തിയിട്ടുണ്ട്. ആലുവ മഹാദേവ ക്ഷേത്രത്തിലെ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. അദ്വൈതാശ്രമത്തില്‍ ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് ദര്‍പ്പണ ചടങ്ങുകള്‍ ആരംഭിയ്ക്കുന്നത്. 2000 പേര്‍ക്ക് ഒരേസമയം ബലിയിടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മഴ നനയാതിരിയ്ക്കാനായി പന്തലും നിര്‍മ്മിച്ചിട്ടുണ്ട്. വാവുബലിയോടനുബന്ധിച്ച് പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."