ഭക്ഷ്യസുരക്ഷ; പരിശോധന കര്‍ശനമാക്കാന്‍ കലക്ടറുടെ നിര്‍ദേശം
കൊല്ലം: മായംചേര്‍ത്ത ഭക്ഷണ സാധനങ്ങളുടെ വില്‍പന തടയുന്നതിന് പരിശോധന ശക്തമാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം. ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണം. പാക്ക് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങളില്‍ ഉല്‍പാദന, കാലഹരണ തീയതികള്‍, വില, സീല്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ചപ്പാത്തി, കുടിവെള്ളം, ശീതള പാനീയങ്ങള്‍ ഇവയുടെ ഉല്‍പാദന യൂനിറ്റുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തി ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കണം. നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുകള്‍, വഴിയോരത്തെ തട്ടുകടകള്‍, ബജിക്കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും സ്‌ക്വാഡ് ശ്രദ്ധചെലുത്തണം. ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ഈ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 475 കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 2.98 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.ജില്ലാ സപ്ലൈ ഓഫിസര്‍ ഷാജി കെ. ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍, ഭക്ഷ്യോപദേശക സമിതി അംഗങ്ങള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."