കയ്പമംഗലത്ത് എല്‍.ഡി.എഫ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു
കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജാന്‍സി ജയിച്ചത് 65 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ആകെ പോള്‍ ചെയ്ത 1004 വോട്ടില്‍ 332 നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജാന്‍സി വിജയം കണ്ടത്. എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ തങ്കമണിക്ക് 257 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ദിലീപിന് 252 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കെ.ബി അനിലിന് 173 വോട്ടുകളും ലഭിച്ചു. വാര്‍ഡിലെ മെമ്പര്‍ ആയിരുന്ന സി.പി.എമ്മിലെ പി.ഗോപാലകൃഷ്ണ മേനോന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നു രാജി വെച്ചതിനാലാണ് പതിനാറാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. സി.പി.എമ്മിനു നിര്‍ണായകമായ സ്വാധീനമുള്ള വാര്‍ഡില്‍ വിജയിക്കാനായതില്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്കുള്ള ആഹ്ലാദം ചെറുതല്ല. എന്നാല്‍ 170ല്‍ കൂടുതല്‍ വോട്ട് നേടിയ സി.പി.എം വിമത സ്ഥാനാര്‍ഥി അനിലിന്റെ വോട്ടുകളാണ് സി.പി.എമ്മിനു അടിപതറാന്‍ പ്രധാന കാരണം. യു.ഡി.എഫും ബി.ജെ.പി യും വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫ് വോട്ടില്‍ ഗണ്യമായ കുറവുണ്ടായി. പഞ്ചായത്ത് ഹാളില്‍ രാവിലെ 10 നാണ് വോട്ടെണ്ണല്‍ നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി പ്രവര്‍ത്തകര്‍ കാളമുറിയില്‍ ആഹ്ലാദ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."