സഊദിവല്‍ക്കരണ പദ്ധതി 'നിത്വാഖാത്' പരാജയമെന്ന് തൊഴില്‍മന്ത്രാലയ വാര്‍ഷിക റിപ്പോര്‍ട്ട്
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദി യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കണമെന്ന തീരുമാനവുമായി രാജ്യത്ത് നടപ്പാക്കിയ സഊദി വല്‍ക്കരണ പദ്ധതിയായ 'നിത്വാഖാത്' പദ്ധതി പരാജയമായതായി റിപ്പോര്‍ട്ട്. സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതിലെ ചില ഭാഗങ്ങളില്‍ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്.
സഊദിവല്‍ക്കരണം ശക്തമാക്കുന്നതിനിടയില്‍ ചില പാകപ്പിഴവുകളും ആസൂത്രണക്കുറവും ഉണ്ടായതിനാല്‍ വിവിധ മേഖലകളിലെ നിയമനങ്ങള്‍ നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ മേഖലകളില്‍ സഊദി വല്‍ക്കരണം ശക്തമാക്കി നിയമങ്ങള്‍ കൊണ്ട് വരുന്നതിനിടെയാണ് പദ്ധതി തത്വത്തില്‍ പരാജയമെന്ന് മന്ത്രാലയ റിപ്പോര്‍ട്ടില്‍ തന്നെ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിന്റെ ഭാഗമായി ശൂറ കൗണ്‍സിലിലെ അംഗങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചതെങ്കിലും വിദേശ റിക്രൂട്ടിങ്ങിനായി കൂടുതല്‍ വിസകള്‍ അനുവദിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നു അവലോകനത്തില്‍ വ്യക്തമാക്കുന്നു. ചില സ്ഥാപനങ്ങള്‍ ഇത് ദുരുപയോഗം ചെയ്തതായും ചൂണ്ടി കാണിക്കപ്പെട്ടു.
നിത്വാഖാത് പദ്ധതി നടപ്പാക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങളെ ചില തട്ടുകളാക്കി തിരിക്കുകയും പച്ച ഗണത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യാമെന്ന വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നല്‍കുകയായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് പച്ച കാറ്റഗറിയെ വീണ്ടും വിഘടിപ്പിച്ച് ഇടത്തരം പച്ച, ഇളം പച്ച എന്നിങ്ങിനെ വീണ്ടും തരം തിരിച്ചിരുന്നു.
നിതാഖാത്ത് ആരംഭിച്ച സമയത്ത് 10 ശമതമാനം മാത്രമായിരുന്നു ഉയര്‍ന്ന തസ്തികകളില്‍ വിദേശികളുടെ അനുപാതം. ഇത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവലോകനത്തില്‍ വ്യക്തമായി. ഇതേയവസരത്തില്‍ തന്നെയാണ് തൊഴില്‍ മന്ത്രാലയത്തിന് അനുവദിച്ച കാല്‍ലക്ഷം തസ്തികകളില്‍ അയ്യായിരത്തോളം തസ്തികകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നതായ വിമര്‍ശനവവും ഉന്നയിക്കുന്നുണ്ട്. അതേസമയം ഇതേകാലയളവില്‍ (585419) അഞ്ചു ലക്ഷത്തി എണ്‍പത്തയ്യായിരത്തി നാനൂറ്റി അന്‍പത്തൊന്ന് വിദേശികള്‍ സഊദി വിട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."