ജില്ലകളിലേക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്കും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി.
രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ജില്ലകളില്‍ നിയോഗിക്കും. വയനാട്ടിലേക്ക് പി.ആര്.ഡി ഡയരക്ടര്‍ യു.വി ജോസ്, ഇടുക്കിയിലേക്ക് ഡയരക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ജീവന് ബാബു എന്നിവരെ ചുമതലപ്പെടുത്തി.
ജില്ലാ ഭരണ സംവിധാനവുമായി യോജിച്ച് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്താന്‍ പൊലിസ്, ഫയര്‍ ആന്റ് റസ്ക്യൂ മേധാവികള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്കി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂനിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ എന്‍.ഡി.ആര്.എഫ് ടീം എത്തിക്കഴിഞ്ഞു. സൈന്യത്തിന്റെ സേവനവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപാക്കറ്റുകള്‍ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ജിനീയറിങ് ടാസ്ക് ഫോഴ്സിന്റെ സേവനവും തേടിയിട്ടുണ്ട്. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."