ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം യൂനിവേഴ്‌സിറ്റി കോളജ് അധികാരികള്‍ക്ക് വീഴ്ച
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ യൂനിവേഴ്‌സിറ്റി കോളജ് അധികാരികള്‍ക്ക് വീഴ്ചസംഭവിച്ചുവെന്ന് യൂനിവേഴ്‌സിറ്റി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശിവരഞ്ജിത്തിന്റെ എം.എ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സ്ഥിരമായി ഡീബാര്‍ ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നീ വിദ്യാര്‍ഥികളുടെ ഡിഗ്രി പരീക്ഷാ ഫലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു.
പരീക്ഷ സംബന്ധമായി യൂനിവേഴ്‌സിറ്റി കോളജ് സ്വീകരിച്ചിരുന്ന നടപടിക്രമങ്ങള്‍ സമിതി വിശദമായി പരിശോധിച്ചു. ഉത്തരക്കടലാസുകള്‍ വിതരണം ചെയ്തതിന്റെ രേഖകള്‍ ഉണ്ടായിരുന്നെങ്കിലും ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളെ കുറിച്ച് പ്രതിപാദിക്കുന്ന രേഖകള്‍ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ല.
സര്‍വകലാശാലയുടെ പരീക്ഷ മാനുവലില്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പാലിക്കപ്പെടുന്നതില്‍ യൂനിവേഴ്‌സിറ്റി കോളജ് അധികാരികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്ന് സമിതി വിലയിരുത്തി.
പരീക്ഷ ചുമതല നിര്‍വഹിച്ചിരുന്ന ഡോ. എം.കെ തങ്കമണി, ഡോ. എസ്. കൃഷ്ണന്‍കുട്ടി, ഡോ. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്തേപറ്റൂ എന്നും സമിതി നിരീക്ഷിച്ചു. സര്‍വകലാശാലാതലത്തില്‍ സ്വീകരിക്കാവുന്ന നടപടികള്‍ ഇവര്‍ക്കെതിരേ എടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും ഒന്‍പത് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് 2015 ജൂണ്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ പരീക്ഷാ ചുമതല ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍മാര്‍, ചീഫ് സൂപ്രണ്ടുമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി എടുത്താണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
യു.ജി.സിയുടെ ഏഴാം ശമ്പള കമ്മിഷന്‍ ആനുകൂല്യം ഉള്‍പ്പെടെ സര്‍വകലാശാല അധ്യാപകരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. 30 പേര്‍ക്ക് വിവിധ വിഷയങ്ങളിലായി പി.എച്ച്.ഡി നല്‍കുന്നതിനും ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."