സി.ബി.എസ്.ഇ പത്താം ക്ലാസ്: ജില്ലക്ക് തിളക്കമാര്‍ന്ന വിജയം
കോഴിക്കോട്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ മിക്ക സ്‌കൂളുകളും മികച്ച വിജയം നേടി. പരീക്ഷയെഴുതിയവരില്‍ കൂടുതല്‍ പേരും ഉപരിപഠന യോഗ്യത നേടിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജില്ലയിലെ അഞ്ചു എം.ഇ.എസ് സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 291 പേരില്‍ 83 പേരും എല്ലാ വിഷയത്തിലും എ വണ്‍ കരസ്ഥമാക്കി. ചാത്തമംഗലത്ത് 119 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 37 പേരും പാവങ്ങാട് 97 പേരില്‍ 26 പേരും ഓര്‍ക്കാട്ടേരിയില്‍ 34 പേരില്‍ ഏഴു പേരും അത്തോളിയില്‍ 23 പേരില്‍ അഞ്ചു പേരും കൈതപ്പൊയിലില്‍ 18 പേരില്‍ എട്ടു പേരും എല്ലാ വിഷയത്തിലും എ വണ്‍ നേടി.
ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂള്‍ എട്ടാമതും നൂറുമേനി സ്വന്തമാക്കി. 144 പേര്‍ പരീക്ഷക്കിരുന്നപ്പോള്‍ 63 പേര്‍ മുഴുവന്‍ വിഷയത്തിലും എവണ്‍ നേടി. പുതിയങ്ങാടി അല്‍ഹറമൈന്‍ സ്‌കൂളും നൂറുമേനി വിജയം നേടി. 92 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 18 പേര്‍ എല്ലാ വിഷയത്തിലും എവണ്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി 12-ാം തവണയും മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂള്‍ നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 25 കുട്ടികളില്‍ 17 പേര്‍ക്ക് മുഴുവന്‍ എ വണ്ണും മറ്റുള്ളവര്‍ക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു.
വടകര മുയിപ്പോത്ത് എവര്‍ഗ്രീന്‍ പബ്ലിക് സ്‌കൂളിലെ പരീക്ഷയെഴുതിയ 21 പേരും വിജയിച്ചു. എട്ടു പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എവണ്‍ നേടാനായി. തുടര്‍ച്ചയായ 15-ാം വര്‍ഷവും മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം നേടാനായി. ഇവിടെ പരീക്ഷക്കിരുന്ന 90 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. ഇതില്‍ 17 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്ണും ലഭിച്ചു. കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ പബ്ലിക് സ്‌കൂള്‍ പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി. 12 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. മൂന്നു വിദ്യാര്‍ഥികള്‍ 98 ശതമാനവും മറ്റു വിദ്യാര്‍ഥികള്‍ 90 ശതമാനം മാര്‍ക്കും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."