ആദിവാസി യുവതി മരണപ്പെട്ടത് വിദഗ്ധ ചികിത്സ ലഭിക്കാതെയെന്ന് ബന്ധുക്കള്‍
മാനന്തവാടി: ആവശ്യമായ വിദഗ്ദ ചികിത്സ ലഭിക്കാതെ ആദിവാസി യുവതി മരണപ്പെട്ടതായി പരാതി. ചെറുകര അരീക്കര പണിയ കോളനിയിലെ ബിന്ദു(22)വാണ് വെള്ളിയാഴ്ച രാത്രിയില്‍ ജില്ലാ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.
15 ദിവസമായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിട്ടും വിദഗ്ദ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
കോളനിയിലെ കരിക്ക-പാറ്റ ദമ്പതികളുടെ മകളായ ബിന്ദുവിന് എട്ട് മാസം മുന്‍പാണ് ശരീരം ക്ഷീണിക്കുന്ന അസുഖം ബന്ധുക്കള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പലപ്പോഴായി ചികിത്സ തേടുകയുണ്ടായി. ട്രൈബല്‍ വകുപ്പിന്റെ യാതൊരു സഹായവുമില്ലാതെ ബന്ധുക്കള്‍ തന്നെയാണ് പലരില്‍ നിന്നുമായി വായ്പ വാങ്ങി ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ ഒരിക്കല്‍ പോലും വിദഗ്ദ പരിശോധന നടത്തുകയോ പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയോ ഉണ്ടായില്ലെന്ന് സഹോദരന്‍ രഘു പറഞ്ഞു.
15 ദിവസം മുന്‍പാണ് ബിന്ദുവിന് വീണ്ടും നെഞ്ച് വേദനയും ക്ഷീണവും അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഗതാഗതയോഗ്യമായ റോഡ് പോലുമില്ലാത്ത കോളനിയില്‍ നിന്നും കിലോമീറ്ററോളം കസേരയില്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും വേണ്ടത്ര ചികിത്സ നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പലപ്പോഴും വേദന സംഹാരി ഗുളികകളും ഡ്രിപ്പുകളും മാത്രമാണ് നല്‍കിയത്. മനോരോഗ വിദഗ്ദന്‍ ബിന്ദുവിനെ പരിശോധിക്കുന്നത് കണ്ടതായും നാട്ടുകാര്‍ പറയുന്നു.
രോഗത്തെക്കുറിച്ച് യാതൊരു വിവരവും ബന്ധുക്കള്‍ ചോദിച്ചിട്ടും ഡോക്ടര്‍ പറഞ്ഞില്ലെന്നും രോഗവിവരമന്വേഷിച്ച് ബന്ധുക്കളോട് ഡോക്ടര്‍ കയര്‍ക്കുകയാണുണ്ടായതെന്നും പറയപ്പെടുന്നു.
അസുഖബാധിതയായിട്ട് മാസങ്ങളായെങ്കിലും ട്രൈബല്‍ വകുപ്പ് യാതൊരു സഹായവും രോഗിക്കോ വീട്ടുകാര്‍ക്കോ നല്‍കിയിട്ടില്ല.
ജില്ലാ ആശുപത്രിയില്‍ ആദിവാസി രോഗിക്ക് കൂട്ടിരിക്കുന്നവര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മൂന്ന് മാസം മുന്‍പ് മറ്റൊരു യുവതിയും കോളനിയില്‍ മരണപ്പെട്ടിരുന്നു. കൊളുമ്പന്‍-ലീല ദമ്പതികളുടെ മകള്‍ മിനി(22)യാണ് അന്ന് മരണപ്പെട്ടത്. ചന്ദ്രിക, രഘു, രവി, രമ, മീനാക്ഷി എന്നിവരാണ് ബിന്ദുവിന്റെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."